'കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചു'; സ്വയം പുറത്തു പോകണം അല്ലെങ്കില്‍ പുറത്താക്കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനു നോട്ടീസ്

കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വീണ്ടും നോട്ടീസ്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത് സിനഡ് തീരുമാനത്തിന്റെ ലംഘനമാണ്. സ്വയം പുറത്തു പോകണം അല്ലെങ്കില്‍ പുറത്താക്കുമെന്ന് നോട്ടീസില്‍ പറയുന്നുണ്ട്.

ദാരിദ്ര വ്രതം സിസ്റ്റര്‍ ലംഘിച്ചു. കാറു വാങ്ങിയതും ശമ്പളം മഠത്തില്‍ നല്‍കാത്തതും വ്രതത്തിന്റെ ലംഘനമായിരുന്നു. പുറത്തു പോകാത്ത സാഹചര്യത്തില്‍ തീരുമാനം അടുത്ത മാസം 16 ന് മുമ്പ് അറിയിക്കണമെന്നും നോട്ടീസില്‍ നിര്‍ദേശിക്കുന്നുണ്ട്.

നേരത്തെ എഫ് സിസി സന്യാസ സമൂഹ അംഗമായ സിസ്റ്റര്‍ കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധീകരിച്ചതും സഭയുടെ അനുമതിയില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി രണ്ടു തവണ മദര്‍ ജനറല്‍ നോട്ടീസ് നല്‍കിയിരുന്നു വിശദീകരണം തൃപ്തികരമല്ലാത്ത പക്ഷം കാനോനിക നിയമനുസുരിച്ച് നടപടിയുണ്ടാകുമെന്നും മദര്‍ ജനറല്‍ സിസ്റ്റര്‍ ലൂസിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ കടുത്ത നടപടിക്ക് കത്തോലിക്കാ സഭ ഒരുങ്ങുന്നതെന്നാണ് സൂചന.

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ സമരം നടത്തിയ കന്യാസ്ത്രിമാരെ പിന്തുണച്ചതിലൂടെ മാധ്യമശ്രദ്ധ കൈവന്ന സിസ്റ്റര്‍ വനിതാ മതിലിന് പിന്തുണയും നല്‍കിയിരുന്നു. സഭാവസ്ത്രത്തിന് പകരം ചുരിദാര്‍ ധരിച്ചാണ് സിസ്റ്റര്‍ വനിതാ മതിലില്‍ പങ്കാളിയായി മാറിയത്. ഈ വിവരം സിസ്റ്റര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇത് സന്യാസിനിയുടെ ജീവിതരീതിക്ക് യോജിച്ച നടപടിയല്ലെന്ന് സഭയില്‍ നിന്ന് വിമര്‍ശനമുണ്ടായിരുന്നു.