വജ്രായുധവുമായി കോണ്‍ഗ്രസ് കേരളത്തില്‍; ഇടതുപക്ഷത്തിനും ബിജെപിക്കും അതൃപ്തി

പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലും മത്സരിക്കുമെന്ന വാര്‍ത്ത കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആവേശം നിറച്ചപ്പോള്‍ ഇടതുപക്ഷത്തിനും ബിജെപിക്കും അതൃപ്തി. ദേശീയ തലത്തില്‍ രാഹുലിന്റെ മത്സരം ഇടതുവിരുദ്ധ പോരാട്ടമായി ചിത്രീകരിക്കപ്പെടുമെന്നാണ് ഇടതുപക്ഷത്തിന്റെ ഭീതി. ഇതു പരസ്യമാക്കി സിപിഎമ്മിന്റെയും സിപിഐയുടെയും ദേശീയ നേതൃത്വം രംഗത്ത് വന്നു.

കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മതനിരപേക്ഷ രാഷ്ട്രീയത്തിനായി പ്രതിപക്ഷം ഒന്നിക്കണമെന്ന ആഹ്വാനത്തിന് ഇത് വെല്ലുവിളിയായി മാറുമെന്നാണ് ഇടതുപക്ഷത്തെ നേതാക്കള്‍ പറയുന്നത്. ബിജെപി വിരുദ്ധ രാഷ്ട്രീയമാണ് ദേശീയ തലത്തില്‍ പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്നത്. അതിന്റെ പ്രസ്‌ക്തിക്ക് ഇതു തടയിടുമെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം നിലപാട് പറയാമെന്നാണ് അറിയിച്ചിരിക്കുന്നത്. ദേശീയ പ്രതിപക്ഷ ഐക്യത്തെ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്.

കോണ്‍ഗ്രസ് സംസ്ഥാന താത്പര്യം മാത്രമാണ് നോക്കുന്നത്. അങ്ങനെയാണ് സീറ്റ് ധാരണ നടപ്പാക്കിയത്. ഇതു പ്രതിപക്ഷ കൂട്ടായ്മ ഇല്ലാതാക്കിയെന്നും ഇടതുപക്ഷം ആരോപിക്കുന്നു.

തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനെയും പത്തനംതിട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മത്സരിപ്പിക്കാനായി ബിജെപി സംസ്ഥാന നേതൃത്വം ആഗ്രഹിച്ചിരുന്നു. പക്ഷേ ഇതിന് അനുകൂലമായ തീരുമാനം കേന്ദ്രം സ്വീകരിച്ചില്ല. ഇതോടെ സംസ്ഥാന നേതാക്കള്‍ മത്സരിക്കാനായി തീരുമാനിച്ചു. ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട്ടില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ട് വന്നത്. യുപിഎ ജയിച്ചാല്‍ പ്രധാനമന്ത്രിയായി രാഹുല്‍ വരുമെന്ന പ്രചാരണവും കേരളത്തിലും ശക്തമാകും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ അമേത്തിയില്‍ തോല്‍ക്കുമെന്ന് ഭയക്കുന്നു. അതിനാലാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്നും ബിജെപി പരിഹസിക്കുന്നു. ഈ തിരഞ്ഞെടുപ്പിലും മോദി രണ്ടു മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടുന്നതിനാണ് ആഗ്രഹിക്കുന്നത്. ഇതോടെ ഇതേ ആരോപണം കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കെതിരെ ഉന്നിയിക്കുമെന്നും ബിജെപി ഭയക്കുന്നു. കോണ്‍ഗ്രസ് തരംഗം സംസ്ഥാനത്തുണ്ടായാല്‍ ബിജെപിക്കും ഇടതുപക്ഷത്തിനും കനത്ത തിരിച്ചടിയുണ്ടാകും.

പരമാവധി സീറ്റില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനാണ് തങ്ങളുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനുള്ള രാഷ്ട്രീയനീക്കമാണിത്.