രാജീവ് വധക്കേസ്; അഡ്വ. സിപി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വക്കേറ്റ് സിപി ഉദയഭാനു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.വസ്തു ഇടപാടുകാരനായ രാജീവിന്റെ മരണത്തില്‍ ഗൂഡാലോചനാക്കുറ്റമാണ് ഉദയഭാനുവിനെതിരെ ചുമത്തിയിരിക്കുന്നത്.

കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഉദയഭാനുവിന് ജാമ്യം അനുവധിക്കരിതെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസിലെ മറ്റു പ്രതികളുമായി ഫോണില്‍ സംസാരിച്ചത് ഗൂഡാലോചനക്ക് തെളിവായി കണക്കാക്കാനാകില്ലെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന വാദം.

റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയില്‍ കലാശിച്ചത്. പരിയാരം തവളപ്പാറയില്‍ കോണ്‍വെന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ സെപ്തംബര്‍ 29 ന് രാവിലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഭൂമി ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ രാജീവിനെ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി ബലമായി രേഖകളില്‍ ഒപ്പുവയ്ക്കവെയാണ് കൊലപാതകം നടന്നത് എന്നാണ് പൊലീസ് പറയുന്നത്.