തീവ്രവാദബന്ധമെന്ന് സംശയം; കൊടുങ്ങല്ലൂര്‍ സ്വദേശിയെ എറണാകുളം ജില്ലാ കോടതിയില്‍ നിന്നും പൊലീസ് പിടികൂടി

Advertisement

തമിഴ്‌നാട്ടില്‍ എത്തിയ ലഷ്‌കര്‍ ഇ തൊയിബ ഭീകരരെ സഹായിച്ചു എന്ന സംശയത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയെ പൊലീസ് പിടികൂടി. എറണാകുളം ജില്ലാ കോടതിയില്‍ നിന്നാണ് അബ്ദുള്‍ ഖാദര്‍ റഹീം എന്നയാളെ പൊലീസ് പിടികൂടിയത്.

കീഴടങ്ങാനായി കോടതിയിലെത്തിയ അബ്ദുള്‍ ഖാദര്‍ റഹീമിനെ പൊലീസ് പിടികൂടി കൊണ്ടു പോകുകയായിരുന്നു. ശ്രീലങ്കയില്‍ നിന്നും ലഷ്‌കര്‍ ഇ തൊയിബ ബന്ധമുള്ള ഒരു സംഘം ആളുകള്‍ കോയമ്പത്തൂരില്‍ എത്തിയിട്ടുണ്ടെന്നും ഇവര്‍ ചില ദേവാലയങ്ങളും മറ്റും ആക്രമിക്കാന്‍ പദ്ധതിയിടുന്നുവെന്നുമുള്ള കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് തമിഴ്!നാട്ടിലും കേരളത്തിലും അതീവ ജാഗ്രത തുടരുകയാണ്.

ഈ ഘട്ടത്തിലാണ് രണ്ട് ദിവസം മുന്‍പ് ബഹ്‌റനില്‍ നിന്നും എത്തിയ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീമിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചത്. ഒരു യുവതിക്കൊപ്പം കൊച്ചിയില്‍ വിമാനമിറങ്ങിയ റഹീമിനെ തേടി സംസ്ഥാന വ്യാപകമായി പൊലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇന്ന് രാവിലെ ഈ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഉച്ചയോടെ റഹീം എറണാകുളം സി.ജെ.എം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത്.