ക്ഷേത്രങ്ങൾ ഇടപ്പെട്ട് ബിജെപിയെ പ്രതിരോധിക്കണം; പ്രവർത്തകർക്ക് നിർദ്ദേശവുമായി സിപിഎം

ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനായി ക്ഷേത്രങ്ങളിൽ ഇടപെടണമെന്ന് പ്രവർത്തകർക്ക് സി.പി.ഐ.എം നിർദ്ദേശം. പാർട്ടി സമ്മേളനത്തിന്റെ ഭാ​ഗമായി തയ്യാറാക്കിയ രേഖയിലാണ് ഇക്കാര്യം പറയുന്നത്.

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചാണ് ബി.ജെ.പി പ്രവർത്തനം വ്യാപിപ്പിച്ചത്. ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന വാർഡുകളിൽ ഇവർ തുടർച്ചയായി ജയിക്കുന്നതും ഇതുകൊണ്ടാണെന്ന് നിർദ്ദേശത്തിൽ പറയുന്നു.

വി​ശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കുകയും ​അതേസമയം വർഗീയവാദികളുടെ കൈകളിലേക്ക്​ അവരെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുന്ന വിധവുമാകണം ഇടപെടലുകൾ.

വിശ്വാസികളെ തീവ്രവാദികളുടെ പിന്നിൽ അണിനിരത്തുന്നത് ഇല്ലാതാക്കാൻ കഴിയും വിധം ഇടപെടണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

പാർട്ടിക്കു കീഴിലുള്ള സാംസ്കാരിക സസംഘടനകളേയും കലാസമിതികളേയും ക്ലബുകളേയും ഇത്തരം ആശയങ്ങൾക്കെതിരായ പ്രചരണത്തിന്റെ വേദികളായി ഉപയോഗിക്കാനാണ് സിപിഎം തീരുമാനം.

പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമം നടക്കുന്നെന്ന് പാർട്ടി രേഖയിലെ പരാമർശം വലിയ വിവാദമായിരുന്നു.

താലിബാൻ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുന്ന സാഹചര്യവും കേരളത്തിലുണ്ട്. ക്രൈസ്തവ വിഭാഗത്തിലെ വർഗീയ സ്വാധിനത്തേയും ഗൗരവത്തോടെ കാണണമെന്നെല്ലാമാണ് സമ്മേളനങ്ങളിൽ പ്രസംഗിക്കാൻ നേതാക്കൾക്കു നൽകിയ കുറിപ്പിലെ പരമാർശങ്ങൾ.