വിവാദപ്രസംഗം: ശ്രീധരന്‍പിള്ള തന്നെ ഫോണില്‍ വിളിച്ച് മാപ്പ് പറഞ്ഞെന്ന വെളിപ്പെടുത്തലുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ആറ്റിങ്ങലില്‍ വിവാദപരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്ന വെളിപ്പെടുത്തലുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ തെരഞ്ഞെടുപ്പ് പരിപാടിയായ വാള്‍പോസ്റ്റിലായിരുന്നു ടിക്കാറാം മീണയുടെ പ്രതികരണം.

ശ്രീധരന്‍ പിള്ള ചട്ടലംഘനം നടത്തിയെന്ന് കളക്ടര്‍ കെ. വാസുകി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീധരന്‍പിള്ളയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മീണ രംഗത്തെത്തിയത്.

ഒന്നു പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ എങ്ങനെ വിശ്വസിക്കുമെന്ന് മീണ പറഞ്ഞു. “എന്തെങ്കിലും പറഞ്ഞിട്ട്, സാര്‍ തെറ്റായിപ്പോയി മാപ്പാക്കണം കാര്യമാക്കരുത്” എന്ന് എന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ പുറത്ത് പോയിട്ട് മറ്റൊന്ന് പറയും. ഇവരെ എങ്ങനെ വിശ്വസിക്കും. ഞാനിനി ആവര്‍ത്തിക്കില്ലെന്ന് മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. മീണ കൂട്ടിച്ചേര്‍ത്തു.

ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രചരണപരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് ശ്രീധരന്‍ പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്. ബാലാക്കോട്ട് ആക്രമണം കഴിഞ്ഞെത്തിയ ഇന്ത്യന്‍ സൈന്യത്തോട് മരിച്ച ഭീകരരുടെ എണ്ണവും മതവും രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും പിണറായിയും ചോദിച്ചെന്ന വിമര്‍ശനത്തോടെയാണ് ശ്രീധരന്‍ പിള്ള വിവാദം പരാമര്‍ശം നടത്തിയത്. “ഇസ്ലാമാകണമെങ്കില്‍ ചില അടയാളങ്ങളൊക്കെ ഉണ്ടല്ലോ. വസ്ത്രം മാറ്റി നോക്കിയാല്‍ അതറിയാന്‍ പറ്റും” തുടങ്ങിയ പരാമര്‍ശങ്ങളാണ് ശ്രീധരന്‍ പിള്ള പ്രസംഗത്തിനിടെ നടത്തിയത്.

മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് കാട്ടി സി.പി.ഐ.എം നേതാവ് വി. ശിവന്‍കുട്ടി തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും നല്‍കിയ പരാതിയിലാണ് ആറ്റിങ്ങല്‍ പോലീസ് പിള്ളയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.