വാളയാര്‍ കേസിലെ പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ സി.ഡബ്‌ള്യു.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ഉടൻ മാറ്റുന്നതിൽ സാങ്കേതിക തടസം

വാളയാര്‍ കേസിലെ പ്രതിക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് എന്‍.രാജേഷിനെ പാലക്കാട് ജില്ലാ സി.ഡബ്‌ള്യു.സി അദ്ധ്യക്ഷ പദവയില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആദ്യ നടപടിയായി ചുമതലയില്‍ നിന്ന് മാറിനില്‍ക്കാന്‍ രാജേഷിനോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സമിതിയിലെ മുതിര്‍ന്ന അംഗത്തിന് പകരം ചുമതല നല്‍കിയിട്ടുണ്ട്. പ്രതിഭാഗം അഭിഭാഷകന്‍ ശിശുക്ഷേമസമിതി അദ്ധ്യക്ഷനായത് വിവാദമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. അട്ടപ്പളളത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ദുരൂഹമരണക്കേസിലെ മൂന്നാം പ്രതിക്ക് വേണ്ടി ആദ്യം ഹാജരായ അഭിഭാഷകനെ സി.ഡബ്‌ള്യു.സി ജില്ലാ ചെയര്‍മാനാക്കിയ വിവരം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. 5 പ്രതികളെയും വെറുതെ വിടുന്നതിന് ഇടയാക്കിയ അന്വേഷണത്തിലെയും കേസ് നടത്തിപ്പിലെയും വീഴ്ചയ്‌ക്കൊപ്പം ഈ നിയമനവും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

വിവാദമായപ്പോള്‍ നിയമനത്തെ ന്യായീകരിച്ച് കൊണ്ട് സാമൂഹിക നീതി മന്ത്രി കെ.കെ.ശൈലജ രംഗത്ത് വന്നിരുന്നു. മേലില്‍ ഇത്തരം കേസുകളില്‍ ഹാജരാകില്ലെന്ന് ഉറപ്പാക്കിയാണ് രാജേഷിനെ ശിശുക്ഷേമ സമതി അദ്ധ്യക്ഷ സ്ഥാനത്ത് നിയമിച്ചെതെന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം. എന്നാല്‍ ലൈംഗിക ചൂഷണത്തിന് ഇരയായ കുട്ടികളുടെ ദുരൂഹമരണ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ ആളെ ഇത്തരം കേസുകള്‍ പരിഗണിക്കുന്ന സി.ഡബ്‌ള്യു.സി അദ്ധ്യക്ഷനാക്കിയത് പ്രതിപക്ഷം നിയമസഭയിലും ഉന്നയിച്ചതോടെ നടപടി എടുക്കാന്‍ സർക്കാർ നിര്‍ബന്ധിതമാകുകയായിരുന്നു. പെട്ടെന്ന് തന്നെ അദ്ധ്യക്ഷനെ മാറ്റുന്നതിന് സാങ്കേതിക തടസങ്ങളുണ്ട്. അതുകൊണ്ടാണ് ആദ്യഘട്ടമായി അദ്ദേഹത്തോട് ചുമതലയില്‍ നിന്ന് മാറിനില്‍ക്കാന്‍ നിര്‍ദ്ദേശിച്ചത്. അദ്ധ്യക്ഷ പദവി ഒഴിച്ചിടാനും ആകില്ല. അതുകൊണ്ടാണ് പകരം ചുമതല സമിതിയിലെ മുതിര്‍ന്ന അംഗത്തിന് നല്‍കിയത്. സാങ്കേതിക തടസങ്ങള്‍ നീങ്ങിയാൽ അഡ്വക്കേറ്റ് എന്‍.രാജേഷിനെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റും. അതിന് മുമ്പ് അദ്ദേഹം സ്വയം സ്ഥാനമൊഴിഞ്ഞേക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.