മമ്മൂക്കയ്ക്ക് അധ്യാപികയുടെ പിറന്നാള്‍ ആശംസ; മറുപടിയായി വിദ്യാര്‍ത്ഥിനിക്ക് സ്മാര്‍ട്ട് ഫോണ്‍

നടന്‍ മമ്മൂട്ടിയുടെ എഴുപതാം പിറന്നാളില്‍ ആശംസകള്‍ നേര്‍ന്ന അധ്യാപികയും മഞ്ഞപ്ര സെന്റ് മേരീസ് എല്‍പി സ്‌കൂളും ആഹ്ലാദത്തിലാണ്. പിറന്നാള്‍ ആശംസയ്ക്കു മറുപടിയായി ഓണ്‍ലൈന്‍ പഠനത്തിനു ബുദ്ധിമുട്ടുന്ന തന്റെ വിദ്യാര്‍ഥിനിക്കു സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി കിട്ടിയതാണു സ്‌കൂളിലെ സംസ്‌കൃതം അധ്യാപിക ഡോ. ടി.എല്‍. ഫിലോമിനയ്ക്കും സ്‌കൂളിനും ആഹ്ലാദമായത്.

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലിന്റെ സംഘാടകന്‍ റോബര്‍ട്ട് വഴിയാണ് അധ്യാപിക നടന് ആശംസാ സന്ദേശം കൈമാറിയത്. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ദേവിക കൃഷ്ണയുടെ പഠനാവശ്യം കൂടി ഫിലോമിന ടീച്ചര്‍ ആശംസാസന്ദേശത്തിനൊപ്പം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാല്‍ ദേവികയുടെ ഓണ്‍ലൈന്‍ ക്ലാസുകളും അനുബന്ധ ആവശ്യങ്ങളും ഫലപ്രദമായി നിര്‍വഹിക്കാനാവുന്നില്ലെന്ന് അധ്യാപിക എഴുതിയറിയിച്ചു.
തുടര്‍ന്നു കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലിന്റെ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ വഴിയാണു ദേവികയ്ക്കു ഫോണ്‍ എത്തിച്ചു നല്‍കിയത്. പഠനത്തില്‍ ഉയരങ്ങളിലേക്കെത്താനുള്ള മമ്മൂട്ടിയുടെ വിജയാശംസയും ഫോണിനൊപ്പം ഉണ്ടായിരുന്നു.

അങ്കമാലി മഞ്ഞപ്ര സെന്റ് മേരീസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രധാനധ്യാപിക ബിന്ദു വര്‍ക്കിയും അധ്യാപിക ഡോ. ടി.എല്‍. ഫിലോമിനയും ചേര്‍ന്നു ദേവികയ്ക്കു ഫോണ്‍ കൈമാറി. പ്രിയപ്പെട്ട മഹാനടനും കെയര്‍ ആന്‍ഡ് ഷെയറിനും ഫിലോമിന ടീച്ചറിനും നന്ദിയറിയിക്കാന്‍ ദേവിക മറന്നില്ല.