കടുംപിടുത്തം തുടര്‍ന്നാല്‍, ഇടതുപക്ഷം ഇല്ലാതെയാകും-എഴുത്തുകാരന്‍ ടിഡി രാമകൃഷ്ണന്‍

കടുംപിടുത്തം തുടര്‍ന്നാല്‍ ഇടതുപക്ഷം കാലക്രമേണ ഇല്ലാതെയാകുമെന്ന് എഴുത്തുകാരനും ചിന്തകനുമായ ടിഡി രാമകൃഷ്ണന്‍. സൗത്ത്‌ലൈവിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുരാഷ്ട്രീയം അതിസങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. വംശീയമായും വര്‍ഗീയമായും ധ്രുവീകരണം നടക്കുന്ന കാലത്ത് അതിനെതിരെ നില്‍ക്കുന്ന പ്രതിരോധം എന്ന നിലയില്‍ എത്ര കണ്ടു ദുര്‍ബലമാണെങ്കിലും പ്രതീക്ഷയുണര്‍ത്തുന്ന ഒന്നായാണ് ഇടതുപക്ഷത്തെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹം സംസാരിച്ചത് ഇങ്ങനെ

ഇടതുരാഷ്ട്രീയം അതിസങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്നു പോയ്‌കൊണ്ടിരിക്കുകയാണ്. ഞങ്ങളെപ്പോലെ ആ കാലഘട്ടത്തില്‍ വളര്‍ന്നവര്‍ക്ക് സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ഒരു വല്ലാത്ത തിരിച്ചടിയായിരുന്നു. ഞാനൊരു റിസേര്‍ച്ച് പ്രൊജെക്റ്റ് ആയി ചെയ്യാന്‍ ഉദ്ദേശിച്ചത് ഡങ്ങ് സിയാവോപിങ്ങ് ചൈനയില്‍ നടത്തിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങളെ കുറിച്ചായിരുന്നു. പക്ഷേ പല കാരണങ്ങള്‍ കൊണ്ടും എനിക്കത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ആ വിഷയം തിരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്ന് വെച്ചാല് സോവിയറ്റ് യൂണിയന്‍ ആടിയുലയുന്ന സമയത്തും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന പ്രശ്നങ്ങളെ അതിജീവിച്ചു മുന്നോട്ടു പോകുന്നു എന്ന അത്ഭുതം ആയിരുന്നു. എങ്ങനെയാണ് അതു സാധ്യമാകുന്നത് എന്ന സംശയം, മാത്രമല്ല ആകെ ഒരു തരം ഐഡിയോളജിക്കല്‍ കണ്‍ഫ്യൂഷനിലായിരുന്നു ഞാന്‍ ആ സമയം. എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം എന്ന് വിശ്വസിക്കപ്പെട്ടിരുന്ന പ്രത്യയശാസ്ത്രം അത് പ്രായോഗികതലത്തില്‍ എന്തുകൊണ്ടാണ് നമ്മള്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കാത്തതെന്ന ചോദ്യം എന്നെ വല്ലാതെ ബാധിച്ചു. കൂടുതല്‍ അന്വേഷിച്ചു ചെല്ലുമ്പോള്‍ മനസ്സിലാകുന്നത് പ്രത്യയശാസ്ത്രപരമായ സമീപനമല്ല അവിടെ ആവശ്യം നരവംശശാസ്ത്രപരമായതാണ്. തുടര്‍ന്ന് എന്റെ അന്വേഷണങ്ങള്‍ മനുഷ്യനെ പറ്റിയാണ്.

മനുഷ്യന് എന്ന ജന്തുവിഭാഗത്തിന്റെ അത്ര വൈവിധ്യം മറ്റൊന്നിനുമില്ല അവരില്‍ നാം ഉണ്ടെന്നു വിശ്വസിക്കുന്ന പല സങ്കല്പങ്ങളും, നന്മ എന്ന് വിളിക്കപ്പെടുന്നത്, യാഥാര്‍ത്ഥ്യവുമായി യാതൊരു വിധ ബന്ധവും ഇല്ലാത്തതാണ്. മനുഷ്യന്റെ അടിസ്ഥാന സ്വഭാവത്തില്‍ തന്നെ പല രീതിയിലുള്ള പോരായ്മകള്‍ ഉണ്ട് .സ്വാര്‍ത്ഥത, അത്യാഗ്രഹം, വയലന്‍സ് അങ്ങനെ പലതും. ഇതെല്ലാം അവന് സമൂഹത്തിന്റെ മുന്നി്ല്‍ നിയന്ത്രിതമായ രീതിയില്‍ പ്രകടിപ്പിക്കുവാന്‍ നിര്‍ബന്ധിതനാകുന്നു. ഇത്തരത്തില്‍ ജീവിക്കുന്ന ജന്തുവിഭാഗത്തില്‍പ്പെട്ട മനുഷ്യനെ പ്രത്യയശാസ്ത്രം ഉപയോഗിച്ച് നന്മയുടെ പാതയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുക അത്ര നിസ്സാര കാര്യമല്ല. മാര്‍ക്‌സിസവും സ്ഥാപിക്കപ്പെട്ടത് മനുഷ്യ നന്മക്കു വേണ്ടി തന്നെയാണ് പക്ഷേ അത് പലപ്പോഴും അവനെ തൃപ്തിപ്പെടുത്തുന്നില്ല. ആഹാരം, പാര്‍പ്പിടം, വസ്ത്രം എന്നിങ്ങനെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടാലും മനുഷ്യന്‍ സന്തോഷമായി കഴിയാറുണ്ടോ? അങ്ങനെ ഒരു ജീവിയല്ല മനുഷ്യന്‍. അവിടെയാണ് ഐഡിയോളജിക്കലായ പ്രശ്‌നങ്ങള്‍ കൂടി നേരിടുന്നത്. ഇടതു പക്ഷം ആ പ്രശ്‌നങ്ങളെയാണ് സൈദ്ധാന്തികമായും പ്രായോഗികമായും പരിഹരിക്കാന്‍ ശ്രമിക്കുന്നത്.

എന്റെ അച്ഛന്‍ പലപ്പോഴും പാര്‍ട്ടിയെ മതം പോലെ വിശ്വസിച്ച മനുഷ്യനാണ്. അത് പാടില്ല. മറ്റെല്ലാത്തിലും എന്ന പോലെ കമ്മ്യുണിസത്തിലും ശുചീകരണ പ്രക്രിയ വളരെ അനിവാര്യമാണ്. എന്നാല്‍ ഇടതു സാഹചര്യത്തില്‍ അത്തരം പുനര്‍നവീകരണ പ്രക്രിയകള്‍ വല്ലാതെ തെറ്റിദ്ധരിക്കപ്പെടാറുണ്ട്.നശിപ്പിക്കുവാന്‍ അല്ല മറിച്ച് സ്വയം നശിക്കാതെയിരിക്കാന്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ട് വരാനാണ് ശ്രമിക്കുന്നത്. ആല്‍ഫയില്‍ പറയുന്നത് പോലെ ഇവിടെ പരീക്ഷണവും പരീക്ഷണ വസ്തുവും മനുഷ്യര്‍ തന്നെയാണ്.

ഒരു ന്യൂനപക്ഷത്തിന് ഒഴിച്ച് മറ്റുള്ളവര്‍ക്ക് പ്രസ്ഥാനത്തിനേക്കാള്‍ വലുതായ അവരുടെ താല്‍പര്യങ്ങള്‍ ഉണ്ടാകും. അത്തരം വ്യക്തി താല്‍പര്യങ്ങള്‍ കടന്നു വരുന്നതോടെ സ്വാഭാവികമായും പല വൈരുദ്ധ്യങ്ങളും ഉടലെടുക്കും. ആ വ്യക്തി താല്‍പര്യങ്ങളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുകയും പരിരക്ഷിക്കുകയും ചെയ്തു കൊണ്ടതാണ് ഡങ് ചൈനയുടെ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയത്. കൂടുതല്‍ നടാനുള്ള നിങ്ങളുടെ താല്‍പര്യത്തെ, നിങ്ങളുടെ ആര്‍ത്തിയെ ഒക്കെയാണ് ഡങ്ങ് സാമ്പത്തിക വളര്‍ച്ചക്ക് വളമാക്കിയത്. വ്യക്തികളുടെ ആഗ്രഹങ്ങള്‍ക്ക് കൂടെ സ്ഥാനം നല്‍കുക എന്ന തന്ത്രമായിരുന്നു സാമ്പത്തിക പുരോഗതിക്ക് അദ്ദേഹം പ്രയോഗിച്ചത്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കടുംപിടിത്തം തുടരുന്നു എന്ന് കരുതുക അവ കാലക്രമേണ താനേ ഇല്ലാതെയാകും. വംശീയമായി വര്‍ഗീയമായി വലിയ രീതിയിലുള്ള ധ്രുവീകരണം നടക്കുന്ന കാലത്ത് അതിനെതിരെ നില്‍ക്കുന്ന പ്രതിരോധം എന്ന നിലയില്‍ എത്ര കണ്ടു ദുര്‍ബലമാണെങ്കിലും പ്രതീക്ഷയുണര്‍ത്തുന്ന ഒന്നായാണ് ഇടതുപക്ഷത്തെ കാണേണ്ടത്.

അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഇവിടെ വായിക്കാം