അഭയാര്‍ത്ഥികള്‍ക്കാണ് പൗരത്വം, നുഴഞ്ഞുകയറ്റക്കാര്‍ക്കല്ല; പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ച് ടി. പി സെന്‍കുമാര്‍

പൗരത്വ ഭേദഗതി ബില്ലിനെ മതപരമായി കാണേണ്ടതില്ലെന്ന് ടി പി സെന്‍ കുമാര്‍. അഭയാര്‍ത്ഥികള്‍ക്കാണ് പൗരത്വം അല്ലാതെ നുഴഞ്ഞുകയറ്റക്കാര്‍ക്കല്ലെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സെന്‍കുമാര്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

CAB (പൗരത്വ ഭേദഗതി ബില്‍ 2019) എന്ന
രാജ്യത്തിന്റെ സുരക്ഷയും, സാംസ്‌കാരിക തനിമയും, ഒത്തൊരുമയും, അഖണ്ഡതയും നിലനിര്‍ത്തുന്നതിന് ആവശ്യമായ ബില്‍ ലോക്‌സഭയും, രാജ്യസഭയും ബഹുഭൂരിപക്ഷത്തോടെ അംഗീകരിച്ചു കഴിഞ്ഞിരിക്കുകയാണ്.

ബിജെപിയുടെ പ്രകടനപത്രികയില്‍ കൃത്യമായി ചൂണ്ടിക്കാണിച്ചിരിക്കുന്ന നടപ്പാക്കും
എന്നു പറഞ്ഞ വിഷയങ്ങളില്‍, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് എന്‍ഡിഎയ്ക്ക് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനത ഭൂരിപക്ഷം നല്‍കി തിരഞ്ഞെടുത്തത്.

ഇപ്പോള്‍ ഈ നിയമ ഭേദഗതികള്‍ വര്‍ഗീയമായി ചിത്രീകരിച്ച്, മുസ്ലിം വിഭാഗത്തിനെതിരാണെന്ന് പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസും, മുസ്ലിം ലീഗും, സിപിഎമ്മുമടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ മനസ്സിലാക്കേണ്ടത്, ഇതിനു മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഡോ .മന്‍മോഹന്‍ സിംഗും, 2012-ല്‍ സിപിഎമ്മും ഇതേ നടപടി ആവശ്യപ്പെട്ടിരുന്നതാണ് എന്നതാണ്. ?

അഭയാര്‍ത്ഥികളെ മാത്രമാണ് ഇതില്‍ പരിഗണിക്കുന്നത്. നുഴഞ്ഞുകയറ്റക്കാരെയല്ല. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഇസ്ലാംമത രാജ്യങ്ങളാണ്. അവിടെ, അതില്‍ പീഡനം അനുഭവിച്ച് കൊള്ളകള്‍ക്കും, കൊലകള്‍ക്കും, ബലാത്സംഗത്തിനും, തലവെട്ടലിനുമെല്ലാം വിധേയരായ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി വിഭാഗങ്ങളില്‍ പെട്ടവര്‍ ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയവര്‍ക്കാണ് നാം പൗരത്വം നല്‍കുന്നത്.

അപ്പോള്‍ എന്തുകൊണ്ട് ആ രാജ്യങ്ങളില്‍ നിന്നും വന്ന മുസ്ലിമുകള്‍ക്ക് ഇതോടൊപ്പം പൗരത്വം നല്‍കുന്നില്ല എന്ന ചോദ്യം ഉയരുന്നു. അതിനു കാരണം, മേല്‍പ്പറഞ്ഞ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി വിഭാഗങ്ങളെ പോലെ മതപീഡനത്തിന് വിധേയരായിട്ടല്ല അവരൊന്നും ഇന്ത്യയിലേയ്ക്ക് നുഴഞ്ഞ് കയറിയത് എന്നാണ്.

മതരാഷ്ട്രങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെ പീഡനമില്ല. മുസ്ലിമുകളിലെ ഷിയ, അഹമ്മദ്ദീയ വിഭാഗങ്ങള്‍, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ അവാന്തരവിഭാഗങ്ങളായ ഓര്‍ത്തഡോക്‌സ്, യാക്കോബായ എന്നിവയൊക്കെ പോലെയുള്ള അവാന്തര വിഭാഗങ്ങള്‍ മാത്രമാണ്. വിശാലമായി അവര്‍ മുസ്ലിം മതക്കാര്‍ തന്നെ.

ഇന്ത്യയില്‍ പ്രത്യേകിച്ചും, കേരളത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്കും, യക്കോബായ വിഭാഗങ്ങള്‍ക്കും തര്‍ക്കം നിലനില്‍ക്കുകയും കോടതി വിധികള്‍ ഉണ്ടാകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു രാഷ്ട്രം എന്ന നിലയില്‍ അത് ഒരു മതവിവേചനമോ അടിച്ചമര്‍ത്തലോ അല്ല. അതുകൊണ്ടു തന്നെ മതരാഷ്ട്രങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ അവിടുത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദു തുടങ്ങിയ വിഭാഗങ്ങള്‍ സര്‍വ്വവിധ പീഡനങ്ങളും ഏല്‌ക്കേണ്ടി വന്നത്.

1947-ല്‍ ഉണ്ടായിരുന്ന ഹിന്ദു ജനസംഖ്യയുടെ 99% വും ഇത്തരം പീഡനങ്ങള്‍ മൂലം ഇല്ലാതാകുകയാണ് ചെയ്തത്. ഇന്‍ഡ്യയിലാകട്ടെ, ഏഴര ശതമാനം ഉണ്ടായിരുന്ന മുസ്ലിം വിഭാഗങ്ങള്‍ ഇന്ന് 16 ശതമാനത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്.

ഇപ്പോള്‍ വര്‍ഗീയ പാര്‍ട്ടി അല്ല എന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് എന്ന് പേരുള്ള പാര്‍ട്ടിയുടെ 1951 ലെ ഭരണഘടന 3(എ) വകുപ്പ് എങ്ങനെയാണ് എഴുതി വെച്ചിരിക്കുന്നത് എന്ന് നോക്കുക. പിന്നീട് ഇത് മാറ്റിയോ എന്ന് അറിയില്ല.ഇത് എല്ലാവരെയും ഒന്ന് മനസ്സിലാക്കിക്കുന്നതിനും, തങ്ങള്‍ വര്‍ഗീയപാര്‍ട്ടിയല്ലായെന്ന് മനസ്സിലാക്കിക്കുന്നതിനും നന്നായിരിക്കും.

ഏതായാലും പാക് അധീനകാശ്മീരില്‍ നിന്നും വന്ന ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ക്ക് കാശ്മീരില്‍ ഇതുവരെ (ഓഗസ്റ്റ് 5 ന് ആര്‍ട്ടിക്കിള്‍ 370 നിറുത്തലാക്കുന്നതുവരെ) പൗരത്വം നല്‍കാത്തതിലും അഞ്ച് ലക്ഷത്തിലധികം കാശ്മീരി പണ്ഡിറ്റുകളെ മൃഗീയമായി ബലാത്സംഗവും, കൊലപാതകവും കൊള്ളയടിക്കും വിധേയരായി കാശ്മീരില്‍ നിന്നും പാലായനം ചെയ്ത് 30 വര്‍ഷങ്ങള്‍ ആയിട്ടും അവര്‍ക്കുവേണ്ടി ഒരു ശബ്ദവും ഉയര്‍ത്താന്‍ ഈ മതേതര പാര്‍ട്ടിയിലെ ഒരാളും ഇന്നേവരെ ഉണ്ടായിട്ടില്ല എന്ന സത്യം നിലനില്ക്കുന്നു.

റോഹിങ്ങ്യന്‍ മുസ്ലീംങ്ങള്‍ക്കുവേണ്ടി കണ്ണീരൊഴുക്കിയ ഇവര്‍ പാക്കിസ്ഥാനിലും, ബംഗ്ലാദേശിലും, അഫ്ഘാനിസ്ഥാനിലും നടന്ന വംശഹത്യകളെ അപലപിച്ചു കണ്ടിട്ടില്ല. ഇതുതന്നെയാണ് മതേതരന്മാരായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും, കോണ്‍ഗ്രസ്സിന്റെയും ഇതുവരെയുള്ള നയം.

സ്ലീപ്പിംഗ് സെല്ലുകളായും, വിധ്വംസക പ്രവര്‍ത്തകര്‍ക്കും ഭാരതത്തെ തകര്‍ക്കാന്‍ പൗരത്വം നല്‍കി അവരെ സ്വീകരിക്കേണ്ടതില്ല. നുഴഞ്ഞുകയറ്റം എന്തുകൊണ്ട് അതിര്‍ത്തിയില്‍ തടഞ്ഞില്ല എന്നാണ് ഒരു നേതാവിന്റെ
ചോദ്യം. 16,000 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന രാജ്യാതിര്‍ത്തിയും, 6,000 കിലോമീറ്ററോളം സമുദ്രാതിര്‍ത്തിയും ഇന്‍ഡ്യയ്ക്കുണ്ട്. മാത്രമല്ല, ഇത്തരം നുഴഞ്ഞുക്കയറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമുള്ള ഒരു കോണ്‍ഗ്രസ്സ് സര്‍ക്കാരുകളാണ് 60 വര്‍ഷത്തോളം ഇന്‍ഡ്യ ഭരിച്ചത്.

ഇന്‍ഡ്യന്‍ പട്ടാളക്കാരുടെയും ജനതയുടെയും ജീവന്‍ ബലി കൊടുത്ത് 1971ല്‍ പാക്കിസ്ഥാനെ തോല്പിച്ചപ്പോള്‍, 90000 പാക് പടയാളികളെ തടവുകാരായി പിടിച്ചപ്പോള്‍ എല്ലാം പാക്കിസ്ഥാന് തിരികെ വിട്ടുകൊടുത്ത് പാക്കിസ്ഥാന് അനുകൂലമായ ഒരു സിംല കരാര്‍ ഉണ്ടാക്കുകയാണ് സംഭവിച്ചത്.

നാം ചരിത്രത്തില്‍ നിന്നും വളരെയേറെ പഠിച്ചിരിക്കുന്നു. ഇനിയും തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടരുത്.ഇന്‍ഡ്യയിലെ മുസ്ലീം വിഭാഗത്തിന് ഈ നിയമംകൊണ്ട് യാതൊന്നും എതിരായി സംഭവിക്കുന്നില്ല. പൗരന്മാര്‍ അല്ലാത്തവര്‍ക്കാണ് ഇതുകൊണ്ടുള്ള പ്രശ്‌നങ്ങള്‍ വരിക.പല നിയമവിദഗ്ദ്ധരും ഭരണഘടനയിലെ അനുഛേദം 14 ചൂണ്ടിക്കാണിച്ച് ഇത് തുല്യതക്കെതിരെ എന്ന് പ്രസംഗിക്കുന്നത് കണ്ടു. അവരുടെ അറിവിലേയ്ക്കായി കുറച്ചു ഭരണഘടനാ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നു. ഭരണഘടനയിലെ 11ാം അനുഛേദം ഇതാണ്.

(Article 11 gave powers to the Parliament of India to regulate the right of citizenship by law. … It is an act to provide for the acquisition and termination of Indian citizenship and the same acts speaks about citizenship of India after the commencement of the Constitution)

അതായത്, പാര്‍ലമെന്റിന് പൗരത്വത്തെ സംബന്ധിച്ച നിയന്ത്രണങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള അധികാരം. ഭരണഘടനയുടെ ഭാഗം അഞ്ചാം വകുപ്പ് മുതലാണ് പൗരത്വത്തെ സംബന്ധിച്ച് പറയുന്നത്. അതില്‍ 11ാം അനുഛേദപ്രകാരം പാര്‍ലമെന്റിന് പൗരത്വത്തെ സംബന്ധിച്ച് ഏത് നിയമങ്ങളും ഉണ്ടാക്കുതിനുള്ള അധികാരം നല്‍കിയിരിക്കുന്നു.

ഇനി 14ാം അനുഛേദം പൊക്കിപ്പിടിക്കുന്നവര്‍ അറിയുക, ഒരു അഭയാര്‍ത്ഥികള്‍ക്കും രാജ്യത്തിന്റെ പൗരന്മാരെപ്പോലെ തുല്യത അവകാശപ്പെടാനാകില്ല. അവര്‍ക്കാര്‍ക്കും ഭരണഘടനാപരമായ ഒരു ഇന്‍ഡ്യന്‍ പൗരന് നല്‍കുന്ന എല്ലാ അവകാശങ്ങളും അതുപോലെ നല്‍കാനാകില്ല.

ജ്ഞാനപ്രകാശം vs ഗവണ്മെന്റ് ഓഫ് ഇന്ത്യ, തമിഴ്‌നാട് 1995 എന്ന കേസില്‍ അതുപോലെ വിദേശികള്‍ക്ക് ഇന്‍ഡ്യന്‍ പൗരത്വം നേടുന്നതിനുള്ള മൗലികാവകാശം നിലനില്ക്കുന്നില്ല. ഇത് ഡേവിഡ് ജോണ്‍ ഹോപ്കിന്‍ vs യൂണിയന്‍ ഓഫ് ഇന്‍ഡ്യ എന്ന പേരില്‍ എന്നതിലും തീരുമാനമായിട്ടുള്ളതാണ്.

അതുകൊണ്ടുതന്നെ ഇപ്പോള്‍ ശബ്ദമുയര്‍ത്തുന്ന കോണ്‍ഗ്രസ്സിലും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും, മസ്ലീം ലീഗിലുമൊക്കെ പാക്കിസ്ഥാനിലെയും, ബംഗ്ലാദേശിലെയും,അഫ്ഘാനിസ്ഥാനിലെയുമൊക്കെ ഹിന്ദു, ക്രിസ്ത്യന്‍ മറ്റു ന്യൂനപക്ഷങ്ങളെ അതീവ ക്രൂരമായി ഇല്ലാതാക്കപ്പെട്ടപ്പോഴും കാശ്മീരിലെ ഹിന്ദുക്കള്‍ വംശഹത്യയ്ക്ക് വിധേയരായപ്പോഴും ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്ന ശബ്ദങ്ങള്‍ മതനിരപേക്ഷതയുടെ അടിസ്ഥാനത്തില്‍ ഉയര്‍ത്തിയിരുന്നുവെങ്കില്‍ ഒരുപക്ഷേ, ഈ പുതിയ ഭേദഗതിതന്നെ വേണ്ടി വരില്ലായിരുന്നു.

ഇതിനോടൊപ്പം ജിതിന്‍ കെ ജേക്കബ് എഴുതിയതും, അച്യുത് ടി ദാസ് എഴുതിയതും വായിക്കുക. ഇന്ന് ആസ്സാമില്‍ കാണുന്നവിധം ഇന്‍ഡ്യ മുഴുവന്‍ എത്തുന്നതിന് ഇടനല്‍കാതെ തങ്ങളുടെ പ്രകടനപത്രിക പ്രകാരം നടപ്പാക്കാമെന്ന് പറഞ്ഞ് നിയമം നടപ്പിലാക്കിയ മോദിജി സര്‍ക്കാരിനും, നവ സര്‍ദാര്‍ അമിത് ഷാജിയ്ക്കും അഭിനന്ദനങ്ങള്‍!

Read more