"സ്പ്രിംക്ളര്‍ വിവാദം ഇടതുപക്ഷത്തിന്റെ കാലത്തോട് പ്രതികരിക്കുന്നതിലെ ഭാവനയില്ലായ്മയും ഇരട്ടത്താപ്പും"

ടി. അരുൺ കുമാർ

സ്പ്രിംക്ളര്‍ വിവാദത്തില്‍ ഒരു മലയാളി ‍എന്ന നിലയില്‍ മനസ്സിലായ ചില കാര്യങ്ങള്‍, ചില സന്ദേഹങ്ങള്‍ ഇവിടെ കുറിക്കാമെന്ന് കരുതുന്നു:
കോവിഡ് ബിഗ് ഡാറ്റ അനാലിസിന്റെ ഭാഗമായി ശേഖരിച്ച ഡാറ്റ ഏതെങ്കിലും തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുമോ ഇല്ലയോ എന്നതിനെപ്പറ്റി എനിക്കറിയില്ല. പക്ഷെ, എ എന്നയാള്‍ ബിയുടെ കൈയില്‍ നിന്നും വ്യക്തിപരമായ മെഡിക്കല്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യഡാറ്റ രേഖാമൂലം ശേഖരിക്കുമ്പോള്‍ ഇത് മറ്റ് ആവശ്യങ്ങള്‍ക്കായി (ഈ മറ്റ് ആവശ്യങ്ങള്‍ മോശമാവണമെന്നില്ല, നല്ലത് തന്നെ ആവാം) ഉപയോഗപ്പെടുത്തില്ല എന്നതിന് രേഖാമൂലമായ ഒരു സാക്ഷ്യപ്പെടുത്തല്‍ വേണമല്ലോ. നിലവില്‍ സ്പ്രിംക്ളര്‍ ഡാറ്റാ ശേഖരണം അത്തരമൊരു സാക്ഷ്യപ്പെടുത്തല്‍ നല്‍കുന്നുണ്ടോ? ഇല്ല എന്നാണ് വിശ്വാസം. ഇത്തരത്തില്‍ സ്വകാര്യമായ ഡാറ്റ ശേഖരിക്കുമ്പോള്‍ അത് അതിന്റെ ഉദ്ദേശത്തിന് പുറത്ത് മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുകയില്ലെന്ന് ഒന്നുകില്‍ ബി എയ്ക്ക് രേഖാമൂലം ഉറപ്പ് നല്‍കണം. അല്ലെങ്കില്‍ അത്തരം ആവശ്യങ്ങള്‍ക്ക് തന്റെ ഡാറ്റ ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് എ ബിയ്ക്ക് രേഖാമൂലം സമ്മതം നല്‍കണം. ഇത് സ്പ്രിംക്ളര്‍ ഡാറ്റാശേഖരണം പാലിച്ചിട്ടുണ്ടോ? ഇല്ല എന്ന് കരുതുന്നു. അങ്ങനെയാണെങ്കില്‍ പ്രാഥമികതലത്തില്‍ തന്നെ ഡാറ്റ സ്വകാര്യത സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനാവകാശം ഹനിക്കപ്പെട്ടില്ലേ ?

ചുരുക്കത്തിൽ ആ വിവരശേഖരണ പത്രത്തിന് താഴെ രണ്ട് വരി സ്വസമ്മതമായി അടിച്ചു ചേർക്കാനും അവിടെ വിവരദാതാവിന്റെ ഒരൊപ്പിനുള്ള ഇടം മാറ്റിവെയ്ക്കാനുമുള്ള ഇത്തിരി വിവേകം ഇതിന് പിന്നിലെ ബുദ്ധിമാൻമാർക്ക് ഇല്ലാതെ പോയതിന്റെ അനന്തരഫലം കൂടിയാണ് ഈ ഡാറ്റാ വിവാദം. എങ്കിലും കാതലായ രാഷ്‌ട്രീയ – നൈതിക ചോദ്യങ്ങൾ നില നിൽക്കും. അതിലേക്ക് പിന്നെ വരാം.

ഇപ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ കുറച്ചു കൂടി വിശദമാക്കാം : അതായത് നമ്മള്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ നമ്മുടെ തിരിച്ചറിയല്‍ രേഖയുടെ കോപ്പി കൊടുക്കുന്നു. അതില്‍ നമ്മള്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കാനുള്ള ആവശ്യത്തിനായി മാത്രം എന്നെഴുതി ഒപ്പിട്ടു കൊടുക്കുന്നത് എന്തിനാണ് ? നാളെ ഇത് ദുരുപയോഗം ചെയ്യപ്പെട്ടാല്‍ നമുക്ക് ഒരു നിയമസംവിധാനത്തിന് മുന്നില്‍ നമ്മുടെ കണ്‍സെന്റ് ഇല്ലാതെ ചെയ്ത ഒരു കാര്യത്തെ നേരിടാനുള്ള അവകാശത്തെ ഉറപ്പിക്കാന്‍ വേണ്ടിയാണ്.
സ്പ്രിംക്ളര്‍ ഡാറ്റയുമായി ബന്ധപ്പെട്ട് കേൾക്കുന്ന ന്യായവാദമാണ് ഗുഗിളും, ജി.മെയിലും, ഫെയ്സ്ബുക്കും, ആമസോണുമെല്ലാം നമ്മുടെ ഡാറ്റ ഉപയോഗിക്കുന്നുണ്ട് എന്നത്. പക്ഷെ, നമ്മുടെ ഡാറ്റ ഉപയോഗിക്കുന്നതിന് നാം അവര്‍ക്ക് അനുമതി കൊടുക്കുന്നുണ്ട്. നമ്മളാരും വായിച്ചു നോക്കാതെ ഒ.കെ അടിക്കുന്ന ഒരു ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ഇല്ലേ, അതില്‍ ഈ ഡാറ്റ അനുമതിയും പെടും. ഇനി അവർക്കും നമ്മുടെ സ്വകാര്യമായ മെഡിക്കല്‍ ഡാറ്റ, അതും സെൽഫ് റിവീൽ ചെയ്തത്, ലഭ്യമാകുമെന്ന് തോന്നുന്നില്ല.

സ്വയം സാക്ഷ്യപ്പെടുത്തിയ ഡാറ്റയും ഇന്റര്‍നെറ്റ് സര്‍ഫിംഗിനെ ആധാരമാക്കി എടുക്കുന്ന ഡാറ്റയും തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ടെന്ന് വിശ്വസിക്കുന്നു. ഉദാഹരണത്തിന് ഞാന്‍ ആമസോണ്‍ വഴി ഒരു ആന്റി-ഡാന്‍ഡ്രഫ് ജെല്‍ വാങ്ങുന്നു എന്ന് കരുതുക. അത് ഞാനാണോ അതോ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത് എന്ന് കണ്ടെത്താന്‍ ആമസോണിന് വഴിയൊന്നുമില്ല.
ഇനി ഇത്തരം ധാർമ്മിക / നിയമ പ്രശ്നങ്ങൾ സര്‍ക്കാരും സ്പ്രിംക്ളറും തമ്മിലുള്ള കരാറില്‍ ചര്‍ച്ച ചെയ്ത് ധാരണയില്‍ ആയിട്ടുണ്ടെന്ന് തത്ത്വത്തില്‍ സമ്മതിക്കുക. അങ്ങനെയെങ്കിലും അതില്‍ ചോദ്യങ്ങളുണ്ടല്ലോ. സര്‍ക്കാര്‍ ഈ പ്രക്രിയെപ്പറ്റി, കരാറുകളുടെ പകര്‍പ്പടക്കം, പറ്റുമെങ്കില്‍ ഒപ്പിടുന്നതിന് മുമ്പ് തന്നെ അതൊരു പബ്‌ളിക് ഡോക്യുമെന്റ് ആക്കേണ്ടതായിരുന്നില്ലേ? ഇവിടെ അത് സംഭവിച്ചിരുന്നോ, ഇല്ല.
ഇനി പൗരന്റെ സ്വകാര്യതാവകാശം ജനങ്ങൾ നൽകിയ മാൻഡേറ്റിനെ ഒരു പവർ ഓഫ് അറ്റോർണി ആയി എടുത്തു കൊണ്ട് ഒരു ഭരണകൂടത്തിന് മറ്റൊരു സ്വകാര്യസ്ഥാപനത്തിന് ഒരടിയന്തര ഘട്ടത്തിൽ ഏല്‍പ്പിച്ചു കൊടുക്കാമോ എന്നെനിക്കറിയില്ല. ഈ പ്രശ്‌നത്തിന് നിയമവിദഗ്ധരാണ് മറുപടി പറയേണ്ടത്. പക്ഷെ നിയമവകുപ്പുമായി ഈ വിഷയം ചർച്ച ചെയ്തിട്ടില്ല എന്നല്ലേ ഐ.ടി സെക്രട്ടറി പറഞ്ഞത്?

സ്പ്രിംക്ളര്‍ ഡാറ്റശേഖരണത്തിന്റെ രാഷ്ട്രീയവിശകലനം ഇവിടത്തെ ഇടതുപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും അവരുടെ കാലത്തോട് പ്രതികരിക്കുന്നതിലെ ഭാവനയില്ലായ്മയും ഇരട്ടത്താപ്പും വെളിപ്പെടുത്തുന്നതാണ്.
എങ്ങനെയാണന്നല്ലേ? പറയാം. അതിനാദ്യം നാം കമ്പ്യൂട്ടറുകള്‍ നിത്യജീവിതത്തില്‍ ഇടപെട്ട് തുടങ്ങിയ കാലത്തേക്ക് തിരിച്ചു പോകണം. അതിന് ശേഷം ഇന്റര്‍നെറ്റ് വന്നു. അതിന് ശേഷം സ്മാര്‍ട്ട്‌ഫോണുകളും ത്രീജി-ഫോര്‍ജി വയര്‍ലെസ് ഹൈസ്പീഡ് ഇന്റര്‍നെറ്റും വന്നു. വിവരവിപ്‌ളവം നമ്മുടെ നിത്യജീവിതത്തില്‍ ഇടപെട്ട് തുടങ്ങുക ആയിരുന്നു. ജീവിതത്തിന്റെ രൂപകല്‍പന തന്നെ വിവരവിപ്‌ളവവും അനുബന്ധ സംഗതികളും ചേര്‍ന്ന് ഏറ്റെടുത്തു. വിവരവിപ്‌ളവത്താല്‍ നിയന്ത്രിക്കപ്പെടുന്ന ലോകത്ത് വിവരം അഥവാ ഡാറ്റ പ്രധാനപ്പെട്ട ഒന്നായി മാറുന്നത് സ്വാഭാവികമാണ്. തീര്‍ച്ചയായും അത് ഏറ്റവും പ്രധാനപ്പെട്ട അസംസ്‌കൃത വസ്തുവായും സാമൂഹിക വിഭവമായും മാറി. പ്രധാനമായതിന് മൂല്യവും കൂടുതലായിരിക്കും.
ഇവിടെയാണ് ആ പരമപ്രധാന ചോദ്യം വരുന്നത് ? ഇതിന്റെയൊക്കെ പ്രാഥമികമായ ഉടമസ്ഥാവകാശം ആര്‍ക്കാണ് എന്നതായിരുന്നു ആ ചോദ്യം.
ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ നമ്മള്‍ കോഗ്നിറ്റീവ് റെവല്യൂഷന്‍ മുതലുള്ള കാലത്തിലേക്ക് തിരിച്ചു ചെല്ലണം. ഏതാണ്ട് 70000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അത് സംഭവിച്ചതെന്ന് നരവംശശാസ്ത്രം കണക്ക് കൂട്ടുന്നു. ലോകത്തെയും മനുഷ്യരാശിയെയും പുതുക്കിപ്പണിത കണ്ടുപിടിത്തങ്ങളെല്ലാം ലോകത്തിന്റെ പൊതുസ്വത്തായി മാറുന്ന, പരമാവധി ജനാധിപത്യവത്കരിക്കപ്പെടുന്ന ഒരവസ്ഥ കൊഗ്നിറ്റീവ് റെവല്യൂഷന് ശേഷം ഉണ്ടായിട്ടുള്ളതായി കാണാം. അത് അക്ഷരങ്ങള്‍ ആയാലും അച്ചടി അയാലും, ഗണിതമായാലും, വൈദ്യശാസ്ത്രമോ, മറ്റ് ശാസ്ത്രീയ നേട്ടങ്ങളോ ആയാലും ഒക്കെ.

ലോകത്തെ പുതുക്കിപ്പണിയുന്ന സൈബര്‍-ഇന്റര്‍നെറ്റ്-ഡാറ്റ മേഖലയില്‍ സ്വകാര്യമൂലധനം ഇടപെടുമെന്നും അത് ഈ ജ്ഞാനസമ്പത്തിനെ കുത്തകവത്കരിക്കുകയും ലാഭത്തിനായി മാത്രം ഉപയോഗിക്കുകയും ചെയ്യുമെന്നും മുന്‍കൂട്ടി കണ്ടവരുണ്ടായി. പിന്നീട് ലോകത്തില്‍ ഉണ്ടായ അതിസമ്പന്നര്‍ ഈ മേഖലയില്‍ നിന്നായത് അതിനെ അക്ഷരംപ്രതി ശരിവെച്ചു. ഇതേതുടര്‍ന്നാണ് ഈ മേഖലയിലെ ജനാധിപത്യത്തിനായി വലിയ സംവാദങ്ങള്‍ ആരംഭിച്ചതും ഡാറ്റ സ്വകാര്യത സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമായതും.
അങ്ങനെയാണ് സ്വതന്ത്ര സോഫ്ട് വെയറുകളുടെ പ്രയോക്താവായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ തുടങ്ങിയവരുടെയും മറ്റ് സ്വതന്ത്രചിന്തകരുടെയും ആശയങ്ങള്‍ ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കാനും കോര്‍പ്പറേറ്റുകളുടെ ഫ്രീ ഇന്റര്‍നെറ്റ് വാഗ്ദാനങ്ങള്‍, ഭരണകൂടപദ്ധതികളായ ആധാര്‍ (ബയോമെട്രിക് ഡാറ്റായില്‍ അധിഷ്ഠിതമായ ഐഡന്റിഫിക്കേഷന്‍ പദ്ധതികള്‍) എന്നിവയെ ഒക്കെ എതിര്‍ക്കാനും തുടങ്ങിയത്. ഈ എതിര്‍പ്പിന്റെ അടിസ്ഥാനം എന്തായിരുന്നു? ഡാറ്റ സ്വകാര്യത സംബന്ധിച്ച് കൃത്യമായ അവബോധമോ ചര്‍ച്ചകളോ നടക്കാത്ത സമൂഹത്തില്‍ ഇത്തരം നടപടികള്‍ ധാര്‍മ്മികമായി തെറ്റാണെന്നും അത് ചൂഷണമാണെന്നും ഇത്തരം വിവരങ്ങള്‍ ഭരണകൂടങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും ഇടതുപക്ഷം പ്രചരിപ്പിച്ചു. ഇത് സംബന്ധിച്ച പല കേസുകളിലും ഇപ്പോഴും സുപ്രീംകോടതിയില്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും നാമോര്‍ക്കണം. (ആധാര്‍ ആഭ്യന്തരസുരക്ഷാ ഡാറ്റാബേസ് വിപുലീകരിക്കുന്നതിനായി യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്നതാണ്. അത് അന്താരാഷ്ട്രതലത്തില്‍ വ്യാപകമായ സുരക്ഷാ ആശങ്കകളുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ രൂപപ്പെട്ട്, പങ്കുവെയ്ക്കപ്പെട്ട ആശയമാണെന്ന് വ്യക്തിപരമായി വിശ്വസിക്കുന്നു )
ഈ ഇടത് നിലപാട് ശരിയായിരുന്നു എന്ന് വിശ്വസിക്കുന്നൊരാളാണ് ഞാന്‍.
പിന്നെ എവിടെയാണ് പ്രശ്‌നം ?

പ്രശ്‌നം വിവരവിപ്‌ളവവും അനുബന്ധ മാറ്റങ്ങളും ജീവിതത്തെ ഉടച്ചു വാര്‍ത്തു കൊണ്ടിരുന്നപ്പോഴും അതുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യങ്ങളെ കാലാനുസൃതമായി പരിഷ്‌ക്കരിക്കാത്തതിലും സംവാദങ്ങള്‍ക്ക് വിധേയമാക്കാത്തതിലുമാണ്. ഉദാഹരണത്തിന് ഡാറ്റയിലൂടെ ചലിക്കുന്ന, പുതുക്കപ്പെടുന്ന, രൂപീകരിക്കപ്പെട്ടുന്ന ഒരു ലോകക്രമത്തില്‍ ഡാറ്റ പങ്കുവെയ്ക്കാതെ നിങ്ങള്‍ക്ക് എങ്ങനെ മുന്നോട്ട് പോകാനാവും? അസാദ്ധ്യമാണ്.

നിങ്ങളുടെ സ്വകാര്യതയായ നഗ്നത നിങ്ങള്‍ ഒരു ഡോക്ടറുടെ മുന്നില്‍ അനാവൃതമാക്കുന്നത് നിലനില്‍ക്കുന്ന ഒരു മെഡിക്കല്‍ എത്തിക്‌സിനെ വിശ്വസിച്ചാണ്. അത്തരത്തില്‍ ഒരു ഡാറ്റ എത്തിക്‌സ് ഉണ്ടാവണം. അത്ര മെച്ചപ്പെട്ട രൂപത്തിലല്ലെങ്കിലും നിലവില്‍ അത്തരത്തിലൊന്ന് ഈ ലോകത്ത് നിലനില്‍ക്കുന്നുണ്ട്. അതിനിയും പരിഷ്‌ക്കരിക്കപ്പെടും. അത് അങ്ങനെയേ പറ്റൂ. അടിമക്കച്ചവടം നിയമവിധേയമായിരുന്ന ഒരു ലോകത്തില്‍ നിന്നാണ് ഡാറ്റ സ്വകാര്യതയുടെ ആശങ്കകള്‍ പങ്കുവെയ്ക്കുന്ന ഒരു ലോകത്തിലേക്ക് നാമെത്തിയിരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ മാറ്റത്തെ മനസ്സിലാക്കാനും കാലാനുസൃതമായി കാര്യങ്ങളെ പരിഷ്‌ക്കരിക്കാനുമുള്ള ഭാവന എത്ര പ്രധാനമാണ് എന്ന് മനസ്സിലാവും. ഡാറ്റയുടെ കാര്യത്തില്‍, ഡാറ്റ നിങ്ങള്‍ക്ക് ഇനി നല്‍കാതിരിക്കാനാവില്ല. പക്ഷെ ഡാറ്റാദാതാവിന്റെ സ്വകാര്യതാവകാശങ്ങളെ പരമാവധി സംരക്ഷിച്ചും, ഈ മേഖലയിലെ ചൂഷണങ്ങളെ പരമാവധി തടഞ്ഞും അങ്ങേയറ്റം ജനാധിപത്യവും അവകാശസംരക്ഷണവും ഈ മേഖലയില്‍ നിയമ നിര്‍മ്മാണത്തിലൂടെ ഉറപ്പു വരുത്തുകയാണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടത്.
പക്ഷെ, ഡാറ്റ കൊടുക്കാതിരിക്കാനോ ഉപയോഗപ്പെടുത്താതിരിക്കാനോ ആവില്ലെന്ന് ഇടതുപക്ഷത്തിന് മനസ്സിലായത് അവര്‍ ഭരണത്തിലെത്തി ഒരു വലിയ പ്രതിസന്ധിയെ നേരിട്ടപ്പോള്‍ മാത്രമാണ്. ഈ മങ്ങിക്കത്തല്‍ ഇവര്‍ക്ക് ചരിത്രപരമായി ഉള്ളതാണ്. അത് കമ്പ്യൂട്ടര്‍വത്കരണമായാലും, കൃഷിയിലെ യന്ത്രവത്കരണമായാലും, എ.ഡി.ബി വായ്പ ആയാലും ഏറ്റവുമൊടുവില്‍ ഡാറ്റ സ്വകാര്യത ആയാലും അതുണ്ട്. ഇത് മാറുന്ന കാലത്തോട് സൃഷ്ടിപരമായി പ്രതികരിക്കാനുള്ള കഴിവില്ലായ്മയില്‍ നിന്ന് ഉണ്ടാകുന്നതാണ്, അപ്പോള്‍ പ്രതിസന്ധി മുന്നിലെത്തി. അങ്കലാപ്പായി. പരിഭ്രാന്തിയായി. സ്പ്രിംക്ളര്‍ സൗജന്യ ഓഫറുമായി രംഗത്തെത്തി. ആര് കൊണ്ടുവന്നു, സ്വയമേവ വന്നതാണോ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല. അതൊക്കെ മാധ്യമങ്ങള്‍ കണ്ടെത്തേണ്ട കാര്യങ്ങളാണ്. പക്ഷെ, ദേയര്‍ ഈസ് നോ ഫ്രീ ലഞ്ചസ് സെര്‍വ്ഡ് എന്ന് നമുക്ക് പണ്ടേ അറിയാം. വിവരവിപ്‌ളവകാലത്ത് അത് ഒട്ടുമുണ്ടാവില്ല എന്നും തോന്നുകയാണ്.

ഇനിയാണ് രസകരമായ കാര്യം. ഡാറ്റ കൊടുക്കാതിരിക്കാനോ ഉപയോഗപ്പെടുത്താതിരിക്കാനോ പറ്റില്ല. അത് മുന്‍കൂട്ടി കണ്ട് ഒരു നയപരിപാടിയോ, നിയമങ്ങളോ രൂപപ്പെടുത്തിയുമില്ല. അടിയന്തരഘട്ടം വന്നപ്പോള്‍ ധൃതിയില്‍ ചിലത് ചെയ്യേണ്ടി വന്നു. എന്നാല്‍ അത് ജനങ്ങളുടെ മുമ്പാകെ സമ്മതിച്ചാല്‍ പോരേ?
ഇല്ല. പകരം ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. ഗൂഗിള്‍ ഡാറ്റ എടുക്കുന്നില്ലേ? ഫെയ്സ് ബുക്കിന് ഡാറ്റ കൊടുക്കുന്നില്ലേ ? ദരിദ്രനാരായണന്റെ ഡാറ്റ കിട്ടിയിട്ട് അമേരിക്കയ്ക്ക് എന്ത് കാര്യം?
ഡാറ്റ സ്വകാര്യത എന്നൊന്ന് പ്രായോഗികമേ അല്ല!
ഇത് ഇടത്പക്ഷം ഡാറ്റയിലെ പൗരാവകാശവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ച് ആദ്യകാലത്ത് എടുത്ത നൈതികമായ നിലപാടിനെതിരെ ഇവിടത്തെ വലതു പക്ഷം പരിഹസിച്ച് ചോദിച്ച ചോദ്യങ്ങളാണ് ഇവയോരോന്നും. ഇനിയും ഇഷ്ടം പോലെയുണ്ട് താനും. ഇന്നിത് ഇടതുപക്ഷം ഏറ്റെടുക്കുകയാണ്. വലതിന്റെ പരിഹാസച്ചോദ്യം അതേപടി തിരിച്ചു ചോദിക്കാനാണെങ്കില്‍ എന്തിനാണ് ഇവിടെ പ്രത്യേകിച്ചൊരു ഇടതുപക്ഷം ? ഇതിന് പേര് ഇരട്ടത്താപ്പ് എന്നല്ലെങ്കില്‍ മറ്റെന്താണ്? അപ്പോള്‍ ചില കാര്യങ്ങള്‍ പൊതുവായ, തുറന്ന സംവാദങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. കേരളത്തില്‍ ഒരു ഇടത് മനസ്സ് വേരോടിയിരുന്നത് തന്നെ ഇത്തരം സംവാദങ്ങള്‍ പൊതുഇടങ്ങളിലും മാധ്യമങ്ങളിലൂടെയും നടന്ന് കൊണ്ടിരുന്നത് കൊണ്ടല്ലേ? എന്നാണ് അത് ഉപേക്ഷിക്കപ്പെട്ടത്? പുതിയ സാഹചര്യങ്ങളെ ആശയസംവാദങ്ങളിലൂടെ മനസ്സിലാക്കി, നിലപാട് സ്വീകരിക്കലാണ് മനുഷ്യന് സ്വീകാര്യമായിട്ടുള്ളത്.

നിലവില്‍ സ്പ്രിംക്ളറില്‍ സംഭവിക്കുന്നത് എന്താണെന്ന് നോക്കൂ. ചില ആശയക്കുഴപ്പങ്ങള്‍ ചൂണ്ടിക്കാട്ടുന്നവരെ മുഴുവന്‍ സൈബര്‍ സഖാക്കള്‍ തെറി വിളിക്കുകയും പരിഹസിക്കുകയുമാണ്. എന്റെ ഡാറ്റ എടുത്തോ എന്ന് സാഹിത്യകാരന്‍മാര്‍ അതിനെ നിസ്സാരവത്കരിക്കുകയാണ്. ഡാറ്റ കൊടുക്കാതെ നിങ്ങള്‍ക്ക് ഭാവിയില്ല. ഡാറ്റ കൊടുക്കാത്തവര്‍ ജീവിതത്തിന്റെ പുറമ്പോക്കില്‍ ഇനി ഉപേക്ഷിക്കപ്പെടും. അക്ഷരാഭ്യാസമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം പോലെ. പഠിച്ചിട്ട് എന്തെടുക്കാനാണ് എന്ന മണ്ടത്തരം ഇന്ന് വലിയ വിവരദോഷി പോലും ചോദിക്കില്ലല്ലോ.അപ്പോള്‍ ഡാറ്റ സ്വകാര്യത സംബന്ധിച്ച് ഫലവത്തായ ചര്‍ച്ചകള്‍ക്ക് തുടക്കമിടേണ്ടവര്‍ ഏത് ഡാറ്റയും എങ്ങനെയും കൊടുക്കാം എന്ന് പ്രചാരണം അഴിച്ചു വിടുകയാണ്. ഇതിനെ നാളെ നിങ്ങള്‍ എന്ത് പറഞ്ഞ് ന്യായീകരിക്കും?

ചുരുക്കത്തില്‍ ഒരു സവിശേഷ സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാനായി നിങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് എന്തെല്ലാമാണ്? ഡാറ്റയ്ക്ക് പ്രത്യേകിച്ച് വിലയൊന്നുമില്ല. കോടിക്കണക്കിന് ആളുകളിലേക്കാണ് ഈ പ്രചാരണം എത്തുന്നത്. ഇത് ചരിത്രപരമായി തന്നെ വലിയ പാതകവും തെറ്റുമല്ലേ? ഡാറ്റയ്ക്ക് എന്ത് വിലയുണ്ട് എന്ന് കമന്റിടാന്‍ വരുന്നവര്‍ ഡാറ്റാ ഡ്രിവണ്‍ ആയ ലോകം എങ്ങനെയാണ് സ്വയം പുതുക്കിപ്പണിയുകയും മനുഷ്യജീവിതത്തെ മാറ്റിമറിക്കുകയും ചെയ്യുന്നതെന്ന് സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കുക. ആദ്യത്തെ സപ്പോര്‍ട്ട് ഞാന്‍ തന്നെ തരാം : ഹരാരി എഴുതിയ ഹോമോദിയൂസ് എന്ന ബെസ്റ്റ് സെല്ലര്‍ വായിക്കുക.
ഇനി ഒരടിയന്തര സാഹചര്യം ആണ് ഇതെല്ലാം ചെയ്യിപ്പിച്ചത്, ജീവനുണ്ടെങ്കിലല്ലേ ഡാറ്റയുള്ളൂ എന്ന വാദത്തിലേക്ക് വരാം. ഡാറ്റാവിവാദം സംബന്ധിച്ച ഇടതുവാദങ്ങളെല്ലാം ചെന്നവസാനിക്കുന്നത് ഈ പോയിന്റിലാണ്. ഒരടിയന്തര സാഹചര്യത്തില്‍ എന്തുമാവാമെങ്കില്‍ ഇന്ദിരാഗാന്ധി ശരിയാവും. അടിയന്തരാവസ്ഥയുടെ മറവിലെ പൗരാവകാശലംഘനവും ഏകാധിപത്യവും പൊലീസ് രാജും കൊലപാതകങ്ങളും, മാധ്യമ സെന്‍സറിംഗും സഞ്ജയ് ഗാന്ധിയുടെ സൂപ്പര്‍ പ്രൈംമിനിസ്റ്റര്‍ഷിപ്പും എല്ലാം ശരിയായാവും. കാരണം ഇന്ദിരാഗാന്ധി പറഞ്ഞത് രാജ്യം അപകടത്തിലാണ് എന്നായിരുന്നു. അടിയന്തരാവസ്ഥയാണ് എന്നായിരുന്നു. അതിനെതിരെ പൊലീസിനെ വെല്ലുവിളിച്ച യുവനേതാവാണ് ഇന്ന് കേരളം ഭരിക്കുന്നത്.

എന്നെ സംബന്ധിച്ച് അടിയന്തിരാവസ്ഥ ന്യായീകരിക്കപ്പെടില്ല. സ്പ്രിംക്ളറിലെ രാഷ്ട്രീയ ഇരട്ടത്താപ്പുകളും മറച്ചു വെയ്ക്കലുകളും ന്യായീകരിക്കപ്പെടില്ല.
ഇപ്പോഴും സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍ അനുകൂലവാദങ്ങള്‍ എല്ലാം സമ്മതിച്ചു കൊടുത്താലും ഒരു ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കും.
അതിതാണ്: സ്പ്രിംക്ളര്‍ ഡാറ്റാ ശേഖരണം, അതിന്റെ പ്രൊസസിംഗ്, തുടങ്ങി ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെയും അച്ചടി-ദൃശ്യമാധ്യമങ്ങളിലൂടെയും വരുന്ന വിവരങ്ങളൊന്നും ഭരണാധികാരികള്‍ പറഞ്ഞല്ല നാം അറിഞ്ഞത്. പൗരന്റെ ഡാറ്റ ഓണര്‍ഷിപ്പ് സര്‍ക്കാരിന് ആണോ എന്നറിയില്ല. സര്‍ക്കാരിന് ആവണമെങ്കില്‍ പൗരന് അതെന്തിന് ഉപയോഗിക്കുന്നു എന്ന അറിവ് വേണം, അല്ലെങ്കിൽ റിട്ടണ്‍ കണ്‍സെന്റ് അവന്‍ നല്‍കണം. ആധാറിനടക്കം ഈ കണ്‍സെന്റ് സര്‍ക്കാര്‍ എഴുതി വാങ്ങിച്ചിട്ടുണ്ട്. ഈ അറിവ് സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ഒരു പത്രസമ്മേളനമോ, ഒരു ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്‌റ്റോ മാത്രം മതിയായിരുന്നു അതിന്. എന്ത് അടിയന്തര സാഹചര്യമാണെങ്കിലും  പ്രതിപക്ഷം പത്രസമ്മേളനം നടത്തിയിട്ടല്ല ഇത്തരം നിര്‍ണായകവിവരങ്ങള്‍ ജനങ്ങള്‍ അറിയേണ്ടത്. അത് ഭരിക്കുന്നവരുടെ ബാദ്ധ്യതയാണ്. ഇപ്പോൾ പോലും അതിനെപ്പറ്റി മാത്രം സംസാരമില്ല.
അപ്പോൾ നിങ്ങള്‍ എങ്ങനെ ജനാധിപത്യത്തെപ്പറ്റി സംസാരിക്കും?

(കഥാകൃത്തും സ്വതന്ത്ര മാധ്യമ പ്രവർത്തകനുമാണ് ലേഖകൻ)