വിവാദ ഭൂമി ഇടപാട്; മാര്‍ ജോര്‍ജ് ആലഞ്ചേരി യോഗത്തില്‍ നിന്ന് പിന്മാറി, ചര്‍ച്ചയ്ക്കെത്തിയ കര്‍ദ്ദിനാളിനെ തടഞ്ഞെന്നും ആരോപണം

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണം ചര്‍ച്ചചെയ്യാന്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വൈദിക സമിതി യോഗം മാറ്റിവെച്ചു. പാസ്റ്ററല്‍ കമ്മിറ്റി യോഗത്തിനു ശേഷം മാത്രം വിഷയം ചര്‍ച്ചചെയ്താല്‍ മതിയെന്ന ആവശ്യമുയര്‍ന്നതും വൈദികയോഗം നടത്തുന്നതില്‍ അല്‍മായ സംഘടന എതിര്‍പ്പ് പ്രകടിപ്പിച്ചതുമാണ് ചര്‍ച്ച മാറ്റവെക്കാന്‍ കാരണമായത്.

വൈദികസമിതിയോഗം നടക്കാതിരിക്കാന്‍ ചിലര്‍ ഇടപെട്ടെന്നും യോഗത്തില്‍ പങ്കെടുക്കാതെ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അല്‍മായര്‍ തടഞ്ഞെന്നും വൈദികര്‍ ആരോപിച്ചു. തുടര്‍ന്ന് സംഘര്‍ഷം ഒഴിവാക്കുന്നതിനുവേണ്ടിയാണ് കര്‍ദിനാള്‍ യോഗത്തില്‍ നിന്ന പിന്‍മാറിയതെന്നും വൈദികര്‍ വ്യക്തമാക്കി. യോഗം നടത്തുന്നതില്‍ നേരത്തെ അല്‍മായ സംഘടനകള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു. ഭൂമി ഇടപാടില്‍ സിറോ മലബാര്‍ സഭയ്ക്കു വീഴ്ച പറ്റിയിട്ടുണ്ടെന്ന് സഭാ നിയമങ്ങള്‍ പാലിക്കാതെയാണ് ഇടപാട് നടന്നതെന്നും ആരോപണം അന്വേഷിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.