പൊലീസ് വേഷത്തില്‍ വന്നവര്‍ സരിത്തിനെ തട്ടിക്കൊണ്ടുപോയി; സ്വപ്‌ന സുരേഷ്

നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിനെ താമസ സ്ഥലത്തുനിന്ന് തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ്. പാലക്കാട്ടെ ഫ്‌ലാറ്റില്‍ നിന്നാണ് ഒരു സംഘം പിടിച്ചുകൊണ്ടുപോയത്. പൊലീസെന്നു പറഞ്ഞു, എന്നാല്‍ യൂണിഫോമിലല്ല സംഘം വന്നത്. തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചില്ലെന്നും സ്വപ്ന പറഞ്ഞു. ഒരു സ്ത്രീ സത്യം പറഞ്ഞാല്‍ ഇവിടെ എന്തും സംഭവിക്കാമെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ രഹസ്യമൊഴി നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ലെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. തന്റെ ജീവന് ഭീഷണിയുണ്ട് അതുകൊണ്ടാണ് രഹസ്യമൊഴി നല്‍കിയത്. തന്റെ മൊഴിയെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രാഷ്ട്രീയമായോ വ്യക്തിപരമായോ ഒരു അജണ്ടയുമില്ല. ആര് മുഖ്യമന്ത്രിയായാലും തനിക്ക് പ്രശ്നമില്ലെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

സോളാര്‍ കേസിലെ പ്രതിയായ സരിതയെ അറിയില്ലെന്നും അവര്‍ പറഞ്ഞു. താനും സരിതയും ഒരേ ജയിലിലുണ്ടായിരുന്നു. എന്നാല്‍ ഒരു ഹായ് പോലും അവരോട് പറഞ്ഞിട്ടില്ലെന്നും സഹായിക്കാമെന്ന് പറഞ്ഞ് സരിത നിരന്തരം തന്റെ അമ്മയെ വിളിച്ച് ശല്യം ചെയ്തു. സരിതയുള്‍പ്പെടെയുള്ളവര്‍ തന്റെ രഹസ്യമൊഴി സ്വകാര്യ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും സ്വപ്നസുരേഷ് പറഞ്ഞു.

Read more

കേസില്‍ ഉള്‍പ്പെട്ട വ്യക്തികളെ കുറിച്ചും അതിന്റെ തോതിനെ കുറിച്ചുമാണ് വെളിപ്പെടുത്തല്‍. ഇത് പ്രതിച്ഛായ ഉണ്ടാക്കാനുള്ളതല്ലെന്നും സ്വപ്ന പറഞ്ഞു. ശിവശങ്കര്‍ പറഞ്ഞ ആള്‍ക്ക് പണം കൈമാറി, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ മൊഴി നല്‍കിയത് തെളിവുകള്‍ ഉള്ളതിനാലാണ്. താന്‍ മാത്രമാണ് സംഭവത്തില്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നത്. മുഖ്യമന്ത്രിയും കുടുംബവും സുരക്ഷിതരാണ്. തന്റെ ജീവന് ഇപ്പോഴും ഭീഷണിയുണ്ട്. തന്നെ ജീവിക്കാന്‍ അനുവദിക്കൂവെന്നും സ്വപ്ന പറ്ഞ്ഞു.