സ്വര്‍ണക്കടത്ത് കേസ്; ജലീലിന് പങ്കില്ലെന്ന് പറഞ്ഞിട്ടില്ല, മുഖ്യമന്ത്രി അടക്കം പ്രോട്ടോക്കോള്‍ ലംഘിച്ചു; വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

കെ ടി ജലീല്‍ എം എല്‍ എക്കെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. തന്റെ സത്യവാങ്മൂലം സ്വര്‍ണക്കടത്തില്‍ കെ.ടി.ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കുന്നതല്ല. ജലീലും കോണ്‍സല്‍ ജനറലും തമ്മിലുളള ഇടപാട് ഇ.ഡിയെ അറിയിച്ചിട്ടുണ്ട്. പ്രോട്ടോകോള്‍ ലംഘനം നടന്നിട്ടുണ്ട്, മുഖ്യമന്ത്രിയടക്കം പ്രോട്ടോക്കോള്‍ ലംഘിച്ചു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. ഒരുപാട് തെളിവുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.

മന്ത്രിയായിരിക്കെ ജലീല്‍ പല തവണ പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വപ്നയുടെ ആരോപണം.
മാധ്യമം ദിനപ്പത്രത്തിനെ ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജലീല്‍ യു എ ഇ ഭരണകൂടത്തിന് നേരിട്ട് കത്തയച്ചു. മാധ്യമത്തിലെ വാര്‍ത്തകള്‍ യു എ ഇ ഭരണാധികാരികള്‍ക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു കത്തിലെ ജലീലിന്റെ ആക്ഷേപം.

തിരുവനന്തപുരത്തെ യു എ ഇ കോണ്‍സല്‍ ജനറലുമായി അടച്ചിട്ട മുറിയില്‍ വച്ച് ജലീല്‍ നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തിത്. കേന്ദ്ര സര്‍ക്കാര്‍ അറിയാതെയായിരുന്നു ഇതെല്ലാമെന്നും സത്യവാങ്മൂലത്തില്‍ സ്വപ്ന പറയുന്നു.

തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് നയതന്ത്ര ചാനല്‍ വഴി കൂടുതല്‍ ഇടപാടുകള്‍ നടത്താനായിരുന്നു ജലീലിന്റെ ശ്രമം. നയതന്ത്ര ചാനല്‍ വഴിയുളള ഇടപാടിന് സര്‍ക്കാറിനെ ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്തുണയുണ്ടാകുമെന്ന് കോണ്‍സല്‍ ജനറല്‍ തന്നോട് പറഞ്ഞിരുന്നതായി സ്വപ്നയുടെ സത്യവാങ്മൂലത്തിലുണ്ട്.

സംസ്ഥാനത്തെ ഒരു മന്ത്രി മറ്റൊരു രാഷട്രത്തിന്റെ തലവന് നേരിട്ട് കത്തയക്കുന്നത് ചട്ട വിരുദ്ധമാണെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വപ്ന സുരേഷ് വ്യക്തമാക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവില്ലാതെയാണ് സ്വപ്ന കത്തയച്ചത്. കത്തിന്റെ ഡ്രാഫ്റ്റും ഇതേക്കുറിച്ച് പരാമര്‍ശിക്കുന്ന വാട്സാപ്പ് ചാറ്റുകളും സ്വപ്ന ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.