ഗള്‍ഫില്‍ മാധ്യമം ദിനപത്രം നിരോധിക്കാന്‍ ജലീല്‍ നീക്കം നടത്തി, തെളിവുകളുണ്ട്; സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍

ഗള്‍ഫില്‍ മാധ്യമം’ ദിനപത്രം നിരോധിക്കാന്‍ മുന്‍ മന്ത്രി കെ.ടി. ജലീല്‍ കത്തയച്ചെന്ന വെളിപ്പെടുത്തലുമായി സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. ഗള്‍ഫ് മേഖലയില്‍ ‘മാധ്യമം’ നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ.ടി. ജലീല്‍ യു.എ.ഇ അധികൃതര്‍ക്ക് നേരിട്ട് കത്തയച്ചിരുന്നതായും സ്വപ്ന ആരോപിച്ചു. ഇത് തെളിയിക്കുന്ന തരത്തിലുള്ള ചാറ്റുകള്‍ തന്റെ കൈവശമുണ്ടെന്നും സ്വപ്ന പറഞ്ഞു.

കോവിഡിനെ തുടര്‍ന്ന് ഗള്‍ഫില്‍ മരിച്ചവരുടെ ചിത്രം സഹിതം ‘മാധ്യമം’ നല്‍കിയ വാര്‍ത്ത ചൂണ്ടിക്കാട്ടിയായിരുന്നു ജലീലിന്റെ ആവശ്യം. ‘മാധ്യമ’ത്തിലെ വാര്‍ത്ത യു.എ.ഇ ഭരണാധികാരികളുട മുന്നില്‍ അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു ജലീലിന്റെ നിലപാട്. പത്രം നിരോധിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ ജലീല്‍ സ്വപ്നയോടും ആവശ്യപ്പെട്ടു.

യു.എ.ഇ ഭരണാധികാരിക്ക് അയച്ച കത്തിന്റെ ഡ്രാഫ്റ്റും വാട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും സ്വപ്ന ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കത്തയച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവില്ലാതെയായിരുന്നു.

വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോള്‍ ലംഘിച്ച് ജലീല്‍ കോണ്‍സുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. ഇത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. ഇതോടൊപ്പം വിദേശത്ത് നിരവധി ബിസിനസ് സംരംഭങ്ങള്‍ക്കും ജലീല്‍ പദ്ധതിയിട്ടിരുന്നതായി സ്വപ്ന ആരോപിച്ചു.