സ്വപ്‍നയും സന്ദീപും റിമാൻഡിൽ; കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കും

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‍ന സുരേഷിനെയും സന്ദീപ് നായരെയും എൻ.ഐ.എ കോടതി മൂന്ന് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതികളെ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. കോവിഡ് ഫലം നെഗറ്റിവ് ആയാൽ പ്രതികളെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കണം എന്നാണ് നിർദ്ദേശം. എൻ.ഐ.എ പത്ത് ദിവസത്തേക്കുള്ള കസ്റ്റഡി അപേക്ഷയാണ് കോടതിയിൽ നൽകിയിരിക്കുന്നത്. എൻ.ഐ.എയുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.

സ്വപ്നയെ തൃശൂരിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്ക് ആണ് കൊണ്ടുപോകുക. സന്ദീപ് നായരെ കറുകുറ്റിയിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്കും മാറ്റും. കോവിഡ് ഫലം നെഗറ്റീവ് ആയാൽ മാത്രമായിരിക്കും ഇവരെ ചോദ്യം ചെയ്യുക.

സ്വപന സുരേഷിനെയും സന്ദീപ് നായരെയും കലൂരിലെ എൻ.ഐ.എ കോടതിയിലാണ് ഹാജരാക്കിയത്. പ്രത്യേക കോടതി ജഡ്‍ജി പി കൃഷ്ണകുമാറിന് മുമ്പാകെയാണ് ഇരുവരെയും ഹാജരാക്കിയത്. എൻ.ഐ.എ ഓഫിസിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് പ്രതികളെ കോടതിയിലേക്ക് എത്തിച്ചത്. നേരത്തെ പ്രതികളെ ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ച്‌ കോവിഡ് വൈദ്യപരിശോധന നടത്തിയിരുന്നു.