എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടി ജനാധിപത്യത്തിന് എതിരായ കടന്നാക്രമണം; മുഖ്യമന്ത്രി പിണറായി വിജയൻ

കർഷക ബില്ലിനെതിരെ പ്രതികരിച്ച എംപിമാരെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടി ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 60000- ൽ അധികം കർഷകർ ആത്മഹത്യ ചെയ്ത രാജ്യമാണ് നമ്മുടേതെന്ന് അദ്ദേഹം കുറിച്ചു. ‌‌‌

2019-ൽ മാത്രം10281 കർഷകരാണ് ആത്മഹത്യ ചെയ്തത്. കർഷക ജീവിതം എക്കാലത്തേക്കും ദുരിതത്തിൽ മുക്കാനുള്ള നിയമ നിർമ്മാണമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.

ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന, കർഷകരെ കോർപറേറ്റ് ഫാമിങ്ങിൻ്റെ അടിമകളാക്കുന്നത് നാടിനെ അപരിഹാര്യമായ നാശത്തിലേക്കാണ് നയിക്കുക. ഈ അനീതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ പാർലമെന്റിൽ പോലും അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യത്തിൻ്റെ സകല മൂല്യങ്ങളേയും നിഷേധിക്കുന്ന പ്രവണതയാണ്. കർഷകർക്കൊപ്പം രാജ്യം മുഴുവൻ ചേരേണ്ടതുണ്ട്. കർഷകരുടെ ജീവൽപ്രശ്നങ്ങൾ രാജ്യത്തിന്റെ ജീവൽപ്രശ്നമാണ്.

https://www.facebook.com/PinarayiVijayan/posts/3400382290053577