ആശങ്കകളെല്ലാം നേരിട്ട് പറയണം; മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങി അതിജീവിത

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങി അതിജീവിത. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയെ കാണാനുള്ള സമയവും തിയതിയും നമ്മള്‍ ചോദിച്ചു കൊണ്ടിരിക്കുകയാണെന്നും കേസ് അട്ടിമറിക്കപ്പെടുന്നോയെന്ന ഭയം അതിജീവിതക്കുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

നടിയുടെ ആശങ്കകളെല്ലാം മുഖ്യമന്ത്രിയോട് പറയണം. അതിജീവിത ഇതുവരെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിട്ടില്ല. കാണാനുള്ള സമയവും തിയതിയും നമ്മള്‍ ചോദിച്ചു കൊണ്ടിരിക്കുകയാണ്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതില്‍ കൂടി കുറേക്കാര്യങ്ങളില്‍ വ്യക്തത വരും. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച ശുഭ വാര്‍ത്ത കിട്ടുമെന്നാണ് വിശ്വാസം.

കേസ് അട്ടിമറിക്കപ്പെടുന്നോയെന്ന ഭയം അതിജീവിതക്കുണ്ട്. തൃക്കാക്കര തിരഞ്ഞെടുപ്പുമായി ഇതിന് യാതൊരു ബന്ധവുമില്ല. അതീജീവിതയ്ക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല. അവളെ സംബന്ധിച്ച് എങ്ങനെയൊക്കെ പോയാലാണ് നീതി കിട്ടുകയെന്നാണ് ചിന്തിക്കുന്നതെന്നും ഭാഗ്യലക്ഷ്മി റിപ്പോട്ടറിനോട് പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് പരാതി വന്നത് ദുരൂഹമാണെന്നും അഭിഭാഷകരെ ചോദ്യംചെയ്യേണ്ട എന്നത് സര്‍ക്കാരിന്റെ നിലപാടല്ലെന്നും അത് അന്വേഷണസംഘമാണ് തീരുമാനിക്കേണ്ടതെന്നുമാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ നടപടിയില്‍ കൊടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. സര്‍ക്കാര്‍ നടിയ്ക്കൊപ്പമാണെന്നും അതിജീവിതയ്ക്ക് നീതി നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് സര്‍ക്കാരിനും വിചാരണ കോടതി ജഡ്ജിക്കും എതിരേ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും പാതിവെന്ത അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.