അമേരിക്കയില്‍ നിന്ന് വിമാനം പിടിച്ചെത്തിയപ്പോള്‍ ജോജു ജോര്‍ജ്ജിന് വോട്ടില്ല, കണക്കുകൂട്ടലുകള്‍ പിഴച്ച് വോട്ടു ചെയ്യാനാവാതെ സുരേഷ് ഗോപിയും

വോട്ടു ചെയ്യാനായി അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതു മൂലം വോട്ടു ചെയ്യാനാവാതെ നിരാശനായി നടന്‍ ജോജു ജോര്‍ജ്. കുഴൂര്‍ ഗവ. സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ വോട്ടു ചെയ്യാന്‍ എത്തിയപ്പോഴാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന കാര്യം ജോജു അറിഞ്ഞത്. അതോടെ ഇപ്പോള്‍ താമസിക്കുന്ന മാളയിലാകും വോട്ടെന്നു കരുതി മാള സ്നേഹനഗരിയിലെത്തിയെങ്കിലും അവിടെയും വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നു കണ്ടതോടെ നിരാശനായി മടങ്ങുകയായിരുന്നു.ജോജുവിനു പുറമേ ഭാര്യ അബ്ബയ്ക്കും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതു മൂലം വോട്ടു ചെയ്യാനായില്ല.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്ക്കും വോട്ട് ചെയ്യാന്‍ സാധിച്ചില്ല. ശാസ്തമംഗലം രാജാ കേശവദാസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബൂത്തിലായിരുന്നു സുരേഷ് ഗോപിയുടെ വോട്ട്. തൃശൂരിലെ പോളിംഗ് വിലയിരുത്തിയ ശേഷം വ്യോമമാര്‍ഗം തിരുവനന്തപുരത്തെത്തി വോട്ടു ചെയ്യാമെന്നായിരുന്നു പദ്ധതി. എന്നാല്‍ വൈകുന്നേരത്തിനു മുമ്പ് തിരുവനന്തപുരത്തെത്തുന്ന വിധം കൊച്ചിയില്‍ നിന്നും വിമാനസര്‍വ്വീസ് ഇല്ലാത്തതിനാല്‍ ഹെലികോപ്ടറില്‍ പോകാമെന്ന് തീരുമാനിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ബി.ജെ.പി ഉപയോഗിച്ച ഹെലികോപ്ടറില്‍ പോകാമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഈ ഹെലികോപ്ടര്‍ വോട്ടിംഗ് ദിവസം ഉപയോഗിക്കാന്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.

കല്ല്യാണ്‍ ഗ്രൂപ്പിന്റെ ഹെലികോപ്ടര്‍ ഉപയോഗിച്ച് തിരുവനന്തപുരത്തേക്ക് പോകാമെന്നായിരുന്നു അവസാന തീരുമാനം. എന്നാല്‍ കോപ്ടര്‍ എത്തിയപ്പോഴും വൈകുന്നേരം അഞ്ചു മണി കഴിഞ്ഞു. പോളിംഗ് സമയം കഴിയുമെന്നതിനാല്‍ വോട്ടു ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.