എനിക്ക് ഗര്‍ഭിണികളെ വലിയ ഇഷ്ടമാണ്; വിവാദം ചിലരുടെ മാനസികരോഗമാണ്, അവര്‍ ഡോക്ടറെ കണ്ടു ചികിത്സിച്ചോട്ടെ: സുരേഷ് ഗോപി

തനിക്ക് ഗര്‍ഭിണികളെ വലിയ ഇഷ്ടമാണെന്ന് നടനും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന സുരേഷ് ഗോപി. ഇനി കണ്ടാലും അനുഗ്രഹിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. വിവാദം ചിലരുടെ അസുഖമാണെന്നും അവര്‍ ഡോക്ടറെ കണ്ട് ചികിത്സിച്ചോട്ടെയെന്നും എം.പി കൂടിയായ അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പു പ്രചാരണ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് മീഡിയ വണ്ണിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗര്‍ഭിണിയായ സ്ത്രീയുടെ വയറില്‍ തലോടുന്ന സുരേഷ്ഗോപിയുടെ വീഡിയോ വൈറലായിരുന്നു. ഇതിനെതിരെ വിമര്‍ശനവും ട്രോളുമായി എത്തിയവര്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

“എനിക്ക് ഗര്‍ഭിണികളെ വലിയ ഇഷ്ടമാണ്. ഇനി കണ്ടാലും അനുഗ്രഹിക്കും. വിവാദം ചിലരുടെ അസുഖമാണ്. അവരുടേത് മാനസിക രോഗമാണ്. അവരതിന് എവിടെയെങ്കിലും പോയി നല്ല ഡോക്ടര്‍മാരെ കണ്ട് ചികിത്സിച്ചോട്ടെ. നമ്മള്‍ വീട്ടിലേക്ക് കല്ല്യാണം കഴിച്ചുവരുന്ന മൂത്ത സഹോദരന്റെ ഭാര്യയെ ചേട്ടത്തിയമ്മയെന്നാണ് വിളിക്കുന്നത്. സ്വന്തം അമ്മയെക്കാള്‍ സ്ഥാനമാണ് അവര്‍ക്ക്. ആ സംസ്‌കാരം ഇല്ലാത്തവര്‍ എവിടെയെങ്കിലും പോയി ദ്രവിച്ചു തീര്‍ന്നോട്ടെ.” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ആദ്യമായിട്ടാണ് സ്ഥാനാര്‍ത്ഥിയായി നിന്നുകൊണ്ട് ഒരു മണ്ഡലത്തിലെ ജനങ്ങളോട് വോട്ടു ചോദിക്കുന്നത്. നല്ല അനുഭവമായിരുന്നു അതെന്നും പ്രചാരണത്തെ കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. വിജയ പ്രതീക്ഷയെ കുറിച്ച് ചോദിച്ചപ്പോള്‍ “സത്യം പെട്ടിക്കകത്ത് ഇരിപ്പുണ്ട്. ആ പെട്ടി സംസാരിക്കുമ്പോള്‍ അറിഞ്ഞാല്‍ മതി. ” എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഭാര്യയ്ക്കും മകനുമൊന്നും രാഷ്ട്രീയമില്ല. ഭര്‍ത്താവിനെ പിന്തുണയ്ക്കുക, അച്ഛനെ പിന്തുണയ്ക്കുകയെന്ന നിലയിലാണ് അവര്‍ പ്രചാരണത്തിന് ഇറങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.