പാര്‍ലമെന്റില്‍ എങ്ങനെ പെരുമാറണമെന്ന് സുരേന്ദ്രന്‍ പഠിപ്പിക്കേണ്ട :വി.ഡി സതീശന്‍

പാര്‍ലമെന്റ് പ്രതിഷേധത്തിനിടെയില്‍ യുഡിഎഫ് എംപിമാര്‍ക്ക് ഡല്‍ഹി പൊലീസിന്റെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സുരേന്ദ്രന് പാര്‍ലമെന്റില്‍ പോയി പരിചയമില്ല. പാര്‍ലമെന്റില്‍ എങ്ങനെ പെരുമാറണമെന്ന് അദ്ദേഹം പഠിപ്പിക്കണ്ട എന്നും സതീശന്‍ പറഞ്ഞു.

സില്‍വര്‍ലൈന് എതിരെ പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എംപിമാര്‍ നടത്തിയ പ്രതിഷേധം വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമായിരുന്നു. ഈ പ്രതിഷേധത്തിലൂടെ എംപിമാരുടെ വിവരക്കേടാണ് തെളിഞ്ഞിരിക്കുന്നതെന്നും സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

പാര്‍ലമെന്റിന്റെ സുരക്ഷാ മേഖലയില്‍ പ്രകടനങ്ങള്‍ അനുവദിക്കില്ല. ഡല്‍ഹി പൊലീസിന് സില്‍വര്‍ലൈനെ കുറിച്ചോ അതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ കുറിച്ചോ അറിയില്ല. കേരളത്തില്‍ കാണിക്കുന്നത് പോലെ ഗേറ്റ് ചാടിക്കടക്കുന്ന പരിപാടിയൊന്നും പാര്‍ലമെന്റില്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.