സുപ്രീംകോടതി ഉത്തരവ് പ്രതിഷേധങ്ങള്‍ക്ക് തിരിച്ചടിയല്ല, കല്ലിട്ടാല്‍ ഇനിയും പിഴുതെറിയും: രമേശ് ചെന്നിത്തല

സില്‍വര്‍ലൈന്‍ സര്‍വ്വേയുടെ ഭാഗമായി സര്‍വ്വേ കല്ലിട്ടാല്‍ ഇനിയും പിഴുതെറിയുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍വ്വേ നടപടികള്‍ തടയണമെന്ന ഹര്‍ജിയി സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സുപ്രീംകോടതിയുടെ ഉത്തരവ് പ്രതിഷേധങ്ങള്‍ക്ക് തിരിച്ചടിയല്ല. സര്‍വേ നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല. സര്‍വേയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. സര്‍ക്കാരിന്റെ നിലപാടില്‍ വ്യക്തത ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.

സില്‍വര്‍ലൈന്‍ സര്‍വ്വേ നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശി നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ഡിവിഷന്‍ ബെഞ്ച് നടപടി സുപ്രീംകോടതി ശരിവെച്ചു. സര്‍വ്വേ പുനരാരംഭിക്കാമെന്ന് വ്യക്തമാക്കിയ കോടതി കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. നടപടികളില്‍ ഇടപെടാനാകില്ലെന്നും കോടതി അറിയിച്ചു.

സാമൂഹിക ആഘാത പഠത്തിനെതിരായ ഒരു കൂട്ടം ഹര്‍ജികളും കോടതി തള്ളി. ബൃഹത്തായ പദ്ധതിയുടെ സര്‍വ്വേ നടപടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടാനാകില്ലെന്നും കോടതി പറഞ്ഞു. മറ്റു തരത്തിലുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കോടതി പറഞ്ഞു. നേരത്തെ സര്‍വ്വേ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തി.