ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട പത്തു സ്ഥലങ്ങളില്‍ പാലക്കാടും; താപനില 41 ഡിഗ്രിയില്‍ എത്തി

സംസ്ഥാനത്ത് വേനല്‍ചൂട് കുതിച്ചുയരുന്നു. പാലക്കാട് ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില 41 ഡിഗ്രി സെല്‍ഷ്യസാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. മാര്‍ച്ച് മാസം ഇക്കുറി രണ്ടാം തവണയാണ് 41 ഡിഗ്രി എത്തിയത്.

സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പത്ത് സ്ഥലങ്ങളില്‍ ഒന്നാണ് പാലക്കാട്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലാണ് സ്‌കൈമെറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് 41.5. സ്‌കൈമെറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് 40.2 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് പാലക്കാട് ഇന്ന് അനുഭവപ്പെട്ടത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 26 വരെ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും മൂന്ന് മുതല്‍ നാല് ഡിഗ്രി വരെയും 27 നും 28 നും ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെയും ഉയരുമെന്ന് മുന്നറിയിപ്പ്.
മാര്‍ച്ച് 25 മുതല്‍ 28 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.
പതിനൊന്ന് മണി മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജ്ജലീകരണം തടയാന്‍ കുടിവെള്ളം ഒരു കുപ്പിയില്‍ കയ്യില്‍ കരുതണം. രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കണം. കാപ്പി, ചായ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം. ഇളംനിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉചിതം.
പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെ അവധിക്ക് വിനോദയാത്രയ്ക്ക് കൊണ്ടു പോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ മൂന്ന് വരെ നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത സംവിധാനം ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും ശ്രദ്ധിക്കണം.
താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ചസമയത്തു സുരക്ഷിതരാണെന്ന് സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ചൂട് ഏല്‍ക്കാതിരിക്കാന്‍ സഹായിക്കുന്ന വസ്ത്രധാരണം നിര്‍ദ്ദേശിക്കുകയും ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്‍പസമയം വിശ്രമിക്കാനുള്ള അനുമതി നല്‍കുകയും ചെയ്യണം.
മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും 11നും മൂന്നിനുമിടയില്‍ കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുകാര്‍ക്ക് കുളിവെള്ളം നല്‍കി നിര്‍ജ്ജലീകരണം തടയാന്‍ ജനങ്ങള്‍ സഹായിക്കണം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകരും ശ്രദ്ധിക്കണം.