സെക്രട്ടേറിയറ്റ് പടിക്കലെ ശ്രീജിത്തിന്റെ ഒറ്റയാള്‍ സമരത്തെ ബഹുജന പ്രക്ഷോഭമാക്കിയത് ഒറ്റ വീഡിയോ; വാര്‍ത്ത വന്ന വഴിയെകുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ സുജിത്ത് ചന്ദ്രന്‍

വെയിലും മഴയുമേറ്റ് 760 ദിവസം ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ ഈ ഫുഡ്പാത്തില്‍ സമരം ചെയ്തിരുന്നു… ആരാലും തിരിച്ചറിയപ്പെടാതെയും ആരുടെയും പിന്തുണ ഇല്ലാതെയും.. ഈ ഒറ്റയാള്‍ സമരത്തെ 761-ാം ദിവസം യുവാക്കളുടെ ബഹുജനപ്രക്ഷോഭമാക്കി മാറ്റിയത് ഒരു യുവ മാധ്യമപ്രവര്‍ത്തകനാണ്. ഏഷ്യാനെറ്റ്‌ന്യൂസ് ഓണ്‍ലൈനിലെ സുജിത്ത് ചന്ദ്രന്‍.

അദേഹം ചെയ്ത ഒറ്റ വീഡിയോയിലാണ് കേരളത്തിന്റെ സോഷ്യല്‍ മീഡിയ യുവത്വം ഇന്ന് സെക്രട്ടേറിയറ്റ് പടിക്കലേക്ക് ഒഴുകി എത്തി ശ്രീജിത്തിന് പിന്തുണ നല്‍കിയത്. ഇപ്പോള്‍ ശ്രീജിത്തിന് നല്ല ആത്മവിശ്വാസം ഉണ്ട് തന്റെ അനുജനെ അരുംകൊല നടത്തിയവര്‍ ശിക്ഷിക്കപ്പെടുമെന്ന്. വാര്‍ത്തയ്‌ക്കൊപ്പം കേരളം പ്രതികരിച്ചു തുടങ്ങിയപ്പോള്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ശ്രീജിത്തും മാതാവ് രമണിയുമാണ്.

അവിചാരിതമായി ഏഷ്യാനെറ്റ്‌ന്യൂസ് എഡിറ്റര്‍ കെപി റഷീദിന് വന്ന ഫോണ്‍കോളാണ് സുജിത്തിനെ ഈ വാര്‍ത്തയിലേക്ക് എത്തിക്കുന്നത്. തുടര്‍ന്ന് മൂന്നുദിവസത്തെ പരിശ്രമത്തിനൊടുവിലാണ് കേരളം ചര്‍ച്ചചെയ്ത ആ വീഡിയോ പിറക്കുന്നത്.

വാര്‍ത്ത വന്ന വഴിയെക്കുറിച്ച് സുജിത്ത് ചന്ദ്രന്‍:

ശ്രീജിത്ത് സമരം ചെയ്യുന്നതിന്റെ സമീപത്തുകൂടിയാണ് എന്നും ഡ്യൂട്ടികഴിഞ്ഞ് പോകാറ്. ഇങ്ങനെ പോകുമ്പോള്‍ ഇടയ്ക്ക് ശ്രീജിത്തിനെ പരിചയപ്പെട്ടിരുന്നു. അഴിമുഖത്തിന്റെ അരുണ്‍ ടി. വിജയന്‍ ആണ് വിഷയം ആദ്യം പുറം ലോകത്തെ അറിയിക്കുന്നത്. അദേഹം എന്റെ സുഹൃത്താണ്. ഇടയ്ക്ക് ഞങ്ങളിരുവരും ശ്രീജിത്തിനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇതിനിടെയാണ് ശ്രീജിത്തിന്റെ ആരോഗ്യനില മോശമാണെന്ന് ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ എഡിറ്റര്‍ കെ.പി റഷീദിനെ ഒരാള്‍ അറിയിക്കുന്നത്. അദേഹം ഈ വാര്‍ത്ത ചെയ്യാനുള്ള നിര്‍ദേശം എനിക്ക് നല്‍കുകയായിരുന്നു. ഒരു മിനിട്ട് വാര്‍ത്തയായി ഇതു മിന്നിമറയരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. എല്ലാ മാധ്യമങ്ങളും പറഞ്ഞരീതിയില്‍ നിന്ന് വ്യത്യസതമായി വാര്‍ത്ത ചെയ്യണമെന്ന ആഗ്രഹമാണ് ആ വീഡിയോ ചെയ്യാന്‍ പ്രേരിപ്പിച്ചത്. അതിനാലാണ് ഡോക്യുമെന്ററി സ്വഭാവത്തില്‍ ആ വാര്‍ത്ത പുറത്തെത്തിച്ചത്. പകലും രാത്രിയുമായി മൂന്നു ദിവസമെടുത്താണ് ആ വീഡിയോ ഷൂട്ട് ചെയ്ത്. ആ വീഡിയോ കേരളം ഏറ്റെടുത്തതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനാണെന്നും സുജിത്ത് പറയുന്നു.

https://www.facebook.com/AsianetNews/videos/2272762916082571/