പൊലീസിന് കത്ത് എഴുതി അയച്ച് മൂന്നംഗ കുടുബത്തിന്റെ ആത്മഹത്യ: വിചിത്ര ജീവിതരീതി തുടര്‍ന്ന ഇവരുടെ മരണത്തില്‍ ദുരൂഹതകള്‍ ഏറെ

തിരുവനന്തപുരം ശാസ്തമംഗലത്ത് പൊലീസിന് കത്തെഴുതി അയച്ച ശേഷം ഒരു കുടുംബത്തിലെ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു. ശാസ്തമംഗലം പൈണിക്കേഴ്‌സ് ലൈനിലുള്ള സുകുമാരന്‍ നായര്‍, ഭാര്യ ആനന്ദവല്ലി മകന്‍ സനത് എന്നിവരുടെ മൃതദേഹം കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അയല്‍ക്കാരുമായോ ബന്ധുക്കളുമായോ യാതൊരു ബന്ധവുമില്ലാത്ത ഈ കുടുംബത്തിലെ മരണവാര്‍ത്ത പുറത്ത് അറിയുന്നത് രണ്ടു ദിവസത്തിന് ശേഷമാണ്. ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന കത്ത് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ മാത്രമാണ് മരണവിവരം അറിയുന്നത്.

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഈ സ്ഥലത്താണ് താമസിക്കുന്നതെങ്കിലും അയല്‍ക്കാരുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല. അവരോട് സംസാരിക്കാനോ ചിരിക്കാനോ പോലും ഈ കുടുംബം കൂട്ടാക്കാറില്ല. സിഎ എക്‌സാം പാസായിട്ടുള്ള സനത് ജോലിക്ക് പോകാറില്ല. അച്ഛനും അമ്മയ്ക്കുമൊപ്പം വീട്ടില്‍തന്നെ ഒതുങ്ങി കൂടാറാണ് പതിവ്.

ഇവര്‍ക്ക് കടുത്ത അന്ധവിശ്വാസം ഉള്ളതായാണ് നാട്ടുകാര്‍ പൊലീസിന് നല്‍കുന്ന വിവരം. ചില സ്വാമിമാരുടെ ആശ്രമങ്ങള്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന ഇവരുടെ വീട്ടില്‍നിന്ന് ശംഖ് ഊതുന്നതും മണിയടി ശബ്ദവുമൊക്കെ നാട്ടുകാര്‍ സ്ഥിരം കേക്കാറുണ്ട്. രാത്രിയിലാണ് പലപ്പോഴും ഇത്തരത്തില്‍ പൂജകളൊക്കെ നടക്കാറുള്ളത്.

പൊലീസിന് അയച്ച ആത്മഹത്യാ കുറിപ്പില്‍ എന്തിനാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സൂചിപ്പിച്ചിട്ടില്ല. ആത്മഹത്യ ചെയ്യുകയാണെന്നും ശവസംസ്‌ക്കാരത്തിനുള്ള പണം വീട്ടില്‍ തന്നെ സൂക്ഷിച്ചിട്ടുണ്ടെന്നും ബന്ധുക്കളെ വിവരം അറിയിക്കണം എന്നുമായിരുന്നു കത്തിലുണ്ടായിരുന്ന വിവരങ്ങള്‍. മറ്റെരു കത്ത് കൂടി ഇവരുടെ വീട്ടില്‍നിന്ന് കിട്ടിയിട്ടുണ്ടെന്ന് വിവരമുണ്ടെങ്കിലും പൊലീസ് ഇത് സ്ഥിരീകരിക്കുന്നില്ല.