നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല; മലയാളി യുവാവ് ചെന്നൈയിൽ ആത്മഹത്യ ചെയ്തു

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ചെന്നൈയില്‍ കുടുങ്ങിയ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വടകര മുടപ്പിലാവിൽ മാരാൻമഠത്തിൽ ടി. ബിനീഷാണ് (41) മരിച്ചത്.

ചൊവ്വാഴ്ച രാത്രി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പോകാനാരിക്കെയാണ് യാത്ര റദ്ദായ വിഷമത്തിൽ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്‌. റൂമിൽ നിന്നും ആത്മഹത്യാകുറിപ്പ് ലഭിച്ചു.

“ഒരു മലയാളി നാട്ടിലെത്തുമ്പോൾ കോവിഡുമായാണ് വരുന്നതെന്നു ധരിക്കുന്നവരുണ്ട്. രണ്ടു സർക്കാരുകളും തീവണ്ടിയും ബസും നാട്ടിലേക്ക് വിട്ടില്ല. മാനസികമായി തളർന്ന ഞങ്ങളെ ആരുസംരക്ഷിക്കും. നിയമം നല്ലതാണ്. പക്ഷേ, അത് മനുഷ്യന്റെ പ്രാണനെടുക്കുന്നു. സാധിക്കുമെങ്കിൽ എന്റെ മൃതദേഹം നാട്ടിൽ അടക്കം ചെയ്യണം. നിയമം എല്ലാവർക്കും ഒരേ പോലെയാണ്. ഒരോ മലയാളിയും ആ രീതിയിൽ കാണുന്നു. എന്റെ മരണം ചെന്നൈയിലെ മലയാളികളെ നാട്ടിലെത്തിക്കും. താങ്ങാൻ പറ്റുന്നില്ല. നഷ്ടം എന്റെ കുടുംബത്തിന് മാത്രമാകും. നിയമം നല്ലത്. പക്ഷേ അത് ഒരു മനുഷ്യന്റെ പ്രാണൻ എടുക്കുന്നു. എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്””- എന്നാണ് കുറിപ്പിൽ എഴുതിയത്.

കഴിഞ്ഞ മൂന്നുവർഷമായി ചെന്നൈയിൽ ചായക്കടകളിൽ ജോലി ചെയ്തു വരുകയായിരുന്നു. സംഭവത്തിൽ സെവൻ വെൽസ് പൊലീസ് കേസെടുത്തു. പ്രവീണയാണ് ഭാര്യ. മകൾ ഗൗരികൃഷ്ണ നാലാംക്ലാസ് വിദ്യാർത്ഥിനിയാണ്.