ആരോഗ്യമന്ത്രിക്ക് എതിരെ വ്യക്തിഹത്യ; പി.സി ജോര്‍ജിന് എതിരെ കേസെടുത്തു

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ വ്യക്തിഹത്യ നടത്തിയതിന് ജനപക്ഷം പാർട്ടി നേതാവും മുൻ എം.എൽ.എയുമായ പി.സി ജോര്‍ജിനെതിരെ കേസെടുത്തു. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ഹൈക്കോടതിയിലെ ഒരു അഭിഭാഷകനാണ് കേസ് നൽകിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമൂഹിക മാധ്യമത്തിൽ അവഹേളിച്ചതിനുമെതിരെയാണ് കേസ്. ക്രൈം സ്‌റ്റോറി മലയാളം എന്ന ഫെയ്സ്ബുക്ക് പേജിന് നൽകിയ അഭിമുഖത്തിലാണ് പി സി ജോർജ് വിവാദ പരാമർശങ്ങൾ നടത്തിയത്.

Read more

“കേരള സംസ്ഥാനത്തിന് അപമാനമാണ് വീണാ ജോർജെന്ന ആരോഗ്യമന്ത്രി. സംശയം വേണ്ട. എന്തൊരു കഷ്ടകാലമാണെന്ന് ആലോചിക്കണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ള നാടായി കേരളത്തെ മാറ്റിയെടുത്തതിന് ഈ വീണാ ജോർജിന് അവാർഡ് കിട്ടും. മന്ത്രിയാകാൻ യോഗ്യതയില്ലാത്ത ഒരു സ്ത്രീയെ മന്ത്രിയാക്കി വെച്ചിട്ട് നമ്മൾ അനുഭവിക്കുകയാണ്. അവർ ടി.വിയിൽ എന്നും വരുന്നതെന്തിനാ? അവരുടെ സൗന്ദര്യം കാണിക്കാൻ വരികയാ. എന്നാ സൗന്ദര്യം, ആരുടെ സൗന്ദര്യം? എയ്ജ് ഇത്ര ആയില്ലേ. കിളവിയാണെന്ന് ചിന്തിക്കേണ്ടേ അവർ. ആരെ കാണിക്കാനാ, ആർക്കു വേണ്ടിയാ ഇതൊക്കെ, കാണിക്കേണ്ടവരെ കാണിച്ചാൽ പോരെ. അത് ജനങ്ങളെ കാണിച്ചിട്ട് ഏറ്റെന്തുകിട്ടാനാ. കാണേണ്ടവർ കാണുന്നുണ്ടെന്ന് നമുക്ക് അറിയാം അത് മതിയല്ലോ. കോവിഡ് പിടിച്ചു ജനങ്ങൾ മരിക്കുമ്പോ ചിരിച്ചു കൊണ്ടിരിക്കുകയല്ലേ. എങ്ങനെ അവർക്ക് ചിരിക്കാൻ പറ്റുന്നു. എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല” – എന്നിങ്ങനെയായിരുന്നു പി.സി ജോർജിന്റെ വാക്കുകൾ.