പതിന്നാല് യൂണിയന്‍ സെക്രട്ടറിമാരും പ്രസിഡന്റുമാരും ചേര്‍ന്ന്‌ തീരുമാനിച്ചാല്‍ വെള്ളാപ്പള്ളി വെള്ളത്തിലാകില്ല;  വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ബി.ഡി.ജെ.എസ്‌. സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മാവേലിക്കര എസ്‌.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റുമായ സുഭാഷ്‌ വാസുവിനെ രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. കട്ടത് കണ്ടതും കണക്കു ചോദിച്ചതുമാണ് ഇപ്പോഴത്തെ നീക്കത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

സുഭാഷ് വാസു പ്രതിയായ മവേലിക്കര മൈക്രോ ഫിനാന്‍സ് കേസും, കള്ളപ്പണം വെളുപ്പിച്ച കേസുമടക്കമുള്ള കാര്യങ്ങള്‍ കുട്ടനാട്ടിലെ പ്രസംഗത്തിലുടനീളം വെള്ളാപ്പള്ളി പരോക്ഷമായി ഉന്നയിച്ചുവെങ്കിലും പേരെടുത്തുള്ള പരാമര്‍ശം ഉണ്ടായില്ല എന്നതാണ് ശ്രദ്ധേയം. എന്നാല്‍ മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു കണ്ടതു കൊണ്ടാണ്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനും എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന്‍ പ്രസിഡന്റുമായ ആള്‍ക്ക് അത്യാര്‍ത്തിയാണ്. അധികാരത്തിലിരുന്നപ്പോഴെല്ലാം കൊള്ള നടത്തിയ ആളാണ് കക്ഷി. യോഗത്തിന്റെ സംഘടനാ ശക്തിയെ ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമമെന്നും കുലം കുത്തികളെ തിരിച്ചറിയണമെന്നും വെള്ളാപ്പളളി പറഞ്ഞു.

ആനയോളം വലിപ്പമുള്ള സംഘടനയെ ഏലയ്ക്കാ കൊണ്ട് എറിയുകയാണ് ചിലരെല്ലാം. കേരളത്തില്‍ എസ്‌.എന്‍.ഡി.പിക്ക്‌ 140 ഓളം യൂണിയനുകളുണ്ട്‌. അതില്‍ 14 യൂണിയന്‍ സെക്രട്ടറിമാരും പ്രസിഡന്റുമാരും ചേര്‍ന്ന്‌ തീരുമാനിച്ചാല്‍ വെള്ളാപ്പള്ളി നടേശന്‍ വെള്ളത്തിലാകില്ല. എസ്‌.എന്‍.ഡി.പി യോഗം എന്ന ആനയെ ഏലക്കകൊണ്ട്‌ എറിഞ്ഞാല്‍ ഒരു പുല്ലും സംഭവിക്കില്ല. ആന അറിയുക പോലുമില്ല. “ഇതിനെക്കാള്‍ വലിയ പെരുന്നാള്‍ വന്നിട്ട്‌ വാപ്പ പള്ളിയില്‍ പോയിട്ടില്ലെന്നും” വെള്ളാപ്പള്ളി  പറഞ്ഞു