വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള കോളജിന്റെ പേരുമാറ്റി; പുതിയ പേര് ‘മഹാഗുരു എന്‍ജുനീയറിംഗ് കോളജ്’

കായംകുളത്തെ വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള കോളജിന്റെ പേര് മാറ്റി. ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനീയറിംഗ് എന്നത് ‘മഹാഗുരു എന്‍ജിനീയറിംഗ് കോളജ്’ എന്നാണ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്.

വെള്ളാപ്പള്ളി നടേശനെതിരായ സുഭാഷ് വാസുവിന്റെ പടയൊരുക്കത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. സുഭാഷ് വാസുവിന് ഭൂരിപക്ഷമുള്ള ഡയറക്ടര്‍ ബോര്‍ഡാണ് കോളജിന്റേത്. വെള്ളാപ്പള്ളിക്കെതിരെ നേരത്തെ മുതല്‍ ശക്തമായി രംഗത്തുള്ള ഗോകുലം ഗോപാലനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കൂടുതല്‍ ഷെയര്‍ നല്‍കി ഗോകുലം ഗോപാലനെ ചെയര്‍മാനാക്കാനും ആലോചനയുണ്ട്.

എസ്എന്‍ ട്രസ്റ്റില്‍ നിന്നു കൂടി മാറ്റപ്പെട്ടാല്‍ സുഭാഷ് വാസു എസ്എന്‍ഡിപിയില്‍ നിന്നും ബിഡിജെഎസില്‍ നിന്നും പൂര്‍ണമായി പുറത്താകും. ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളിയുടെ ശത്രുക്കളെയെല്ലാം കൂടെക്കൂട്ടി ശക്തമായി തിരിച്ചടിക്കാനാണ് സുഭാഷ് വാസുവിന്റെ നീക്കം. ഇതിനായി ടി.പി സെന്‍കുമാറിന് പിന്നാലെ ഗോകുലം ഗോപാലന്റെയും സഹായം സുഭാഷ് വാസു തേടിയിട്ടുണ്ട്.

നിലവില്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് ചെയര്‍മാന്‍. കോളജിലെ നിയമനങ്ങളിലും നടത്തിപ്പിലും ബാങ്ക് ഇടപാടുകളിലും വന്‍ സാമ്പത്തിക തിരിമറി നടന്നുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തുഷാറിനെയും തുഷാറിനെ പിന്തുണയ്ക്കുന്ന മറ്റൊരു അംഗത്തെയും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും മാറ്റാന്‍ മറുപക്ഷം തീരുമാനമെടുത്തത്.