സി.എം.എസ് കോളജില്‍ എസ്.എഫ്.ഐക്കെതിരെ വിദ്യാര്‍ത്ഥികളുടെ സമരം, സംഘര്‍ഷം

കോട്ടയം സിഎംഎസ് കോളജില്‍ എസ്എഫ്‌ഐക്കെതിരെ വിദ്യാര്‍ത്ഥികളുടെ സമരം. രണ്ട് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കാമ്പസില്‍ പ്രതിഷേധം ആരംഭിച്ചത്.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജില്‍ പ്രവേശിക്കാനെത്തിയപ്പോള്‍ സമരക്കാര്‍ ഗേറ്റ് അടച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ കാമ്പസിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. പത്തോളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗേറ്റ് തള്ളിക്കയറാന്‍  ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ അത് തടഞ്ഞു. മണിക്കൂറുകളായി കാമ്പസ് ഗേറ്റില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

മറ്റ് കോളജിലെ വിദ്യാര്‍ത്ഥികളേയും കൂട്ടിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാമ്പസിലെത്തിയത്. കോളജില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനമല്ല ഗുണ്ടായിസമാണ് നടക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

സംഘര്‍ഷത്തെത്തുടര്‍ന്ന് എസ്എഫ്ഐയുടെ കോളജിലെ യൂണിറ്റ് സെക്രട്ടറിയെ അടക്കം പൊലീസ് വാഹനത്തില്‍ കയറ്റിയിരിക്കുകയാണ്. ഇതിനെതിരെ എസ്എഫ്ഐ വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തി. പെണ്‍കുട്ടികളടക്കം പ്രതിഷേധവുമായി രംഗത്തുണ്ട്. കോളജിന്‍റെ പുറത്ത് നിന്നെത്തിയവരാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും ഇവര്‍ കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണെന്നും എസ്എഫ്ഐ പ്രവര്‍ത്തകരല്ലെന്നും കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ മാനേജ്‌മെന്റ് ഇത് തള്ളി. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നു കഞ്ചാവും ഉപയോഗിക്കുന്നവരാണെന്ന് വരുത്തി തീര്‍ക്കുകയാണ് എസ്എഫ്ഐ ചെയ്യുന്നത്, മറ്റ് കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളേയും കൂട്ടിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാമ്പസിലേക്കെത്തിയതെന്ന് അധ്യാപകര്‍ ആരോപിച്ചു.

പിരിഞ്ഞു പോവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞു പോയില്ല. തുടര്‍ന്ന് ഡി.വൈ.എസ്.പി. ആര്‍. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് കോളജിന് അവധി പ്രഖ്യാപിച്ചു.