നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; പ്രവേശനം മീഡിയാ റൂമില്‍ മാത്രം

പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മീഡിയ റൂമിലേക്ക് മാത്രമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. സഭയിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ക്ക് നല്‍കുന്നില്ല. പിആര്‍ഡി നല്‍കുന്ന ദൃശ്യങ്ങള്‍ മാത്രമാണ് മാധ്യമപ്രവര്‍ക്ക് ലഭ്യമാവുന്നത്.

പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഒരു ദൃശ്യവും സഭ ടിവിയില്‍ നല്‍കിയില്ല. ഭരണപക്ഷ ദൃശ്യങ്ങള്‍ മാത്രമാണ് നല്‍കിയത്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റേയും ഓഫിസുകളിലേക്കും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്് നിയമസഭയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് തുടരാനാണ് സ്പീക്കറുടെ തീരുമാനം.

അതേസമയം പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന് സഭ താതാക്കാലികമായി നിര്‍ത്തിവെച്ചു.
ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന് സഭ താത്ക്കാലികമായി നിര്‍ത്തിവെച്ചു. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

ചോദ്യേത്തരവേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ എം ബി രാജേഷ് ആവശ്യപ്പെട്ടിട്ടും പ്രതിഷേധം തുടര്‍ന്നതിനാലാണ് സഭാ നടപടികള്‍ നിര്‍ത്തിവെച്ചത്. ബാനറുകളും പ്ലക്കാര്‍ഡുകളും ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി. അഞ്ു മിനിറ്റ് മാത്രമാണ് സഭ നടന്നത്. അടിയന്തര പ്രമേയ നോട്ടീസ് പരിഗണനയിലാണെന്ന് സ്പീക്കര്‍ തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നു.സഭ നിര്‍ത്തിവെച്ചിട്ടും പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷ അംഗങ്ങളും പരസ്പരം മുദ്രാവാക്യം വിളികള്‍ മുഴക്കുകയാണ്.

രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടുണ്ട്.. ടി. സിദ്ദിഖാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. അതേസമയം നിയമസഭയില്‍ കറുത്ത വേഷത്തിലെത്തി പ്രതിപക്ഷ എംഎല്‍എമാര്‍. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍ ജോസഫ് എന്നിവരാണ് കറുത്ത ഷര്‍ട്ടും മാസ്‌കും ധരിച്ച് എത്തിയിരിക്കുന്നത്.