സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് തുടങ്ങും

Gambinos Ad
ript>

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി ആലപ്പുഴ ഒരുങ്ങി. കലാമേളയ്ക്ക് കൊഴുപ്പേകാനുള്ള കലവറ ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊതിയൂറും വിഭവങ്ങളാണ് മത്സരാര്‍ത്ഥികള്‍ക്കായി ഇവിടെ തയ്യാറാകുന്നത്. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണമൊരുക്കുന്നത്. ഇ.എം.എസ്. സ്റ്റേഡിയത്തിലാണ് ഭക്ഷണം തയ്യാറാക്കുക. പാചകത്തിന്റെ ആരംഭം പാല് കാച്ചിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമര്‍, ജില്ലാ പഞ്ചായത്തംഗം മാത്യൂ റ്റി. തോമസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ധന്യ ആര്‍. കുമാര്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.

Gambinos Ad

ഇന്നലെ ജില്ലയിലെത്തിയ മത്സരാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണം ഇ.എം.എസ്. സ്റ്റേഡിയത്തില്‍ നിന്നും വിതരണം ചെയ്തു. റെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ഇവിടെ നിന്നാണ് ഭക്ഷണം നല്‍കിയത് .രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കുള്ള രാത്രി ഭക്ഷണവും ഇവിടെ ക്രമീകരിച്ചിരുന്നു. കേരള സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കലവറയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഭക്ഷണ സാധനങ്ങള്‍ തലച്ചുമടായി എത്തിക്കുന്നതിലും അധ്യാപകര്‍ പങ്കാളികളാകുന്നു. കലോത്സവ ദിവസങ്ങളില്‍ രാവിലെ ഏഴുമണി മുതല്‍ ഒമ്പതുമണി വരെ പ്രഭാത ഭക്ഷണം, പതിനൊന്ന് മുതല്‍ രണ്ടര വരെ ഉച്ചഭക്ഷണം, വൈകിട്ട് നാല് മുതല്‍ അഞ്ച് വരെ ചായ, രാത്രി ഏഴ് മുതല്‍ ഒമ്പതു വരെ അത്താഴം എന്നിങ്ങനെയാണ് ഭക്ഷണ സമയം ക്രമീകരിച്ചിരിക്കുന്നത്.

30 വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ എല്ലാ വേദിയില്‍ നിന്നുള്ളവര്‍ക്കും പ്രധാന ഭക്ഷണ വിതരണ കേന്ദ്രമായ ഇ.എം.എസ്. സ്റ്റേഡിയത്തില്‍ നിന്നും ഭക്ഷണം ലഭിക്കും. ഇതിനുപുറമേ എസ്.ഡി.വി ഗ്രൗണ്ട്, തിരുവമ്പാടി യു.പി. സ്‌കൂള്‍, പൂങ്കാവ് എം.ഐ.എച്.എസ്. എന്നിവടങ്ങളാണ് മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍. മൂന്നു ദിവസവും അഞ്ച് വീതം കറികളടങ്ങിയ ഉച്ചയൂണാണ് ഒരുക്കുന്നത്.പായസവുമുണ്ടാകും. രണ്ടു തരം ഒഴിച്ചു കറികള്‍, അവിയല്‍, തോരന്‍, അച്ചാര്‍, കൂട്ടുകറി എന്നിവയടങ്ങുന്നതാണ് മെനു. പ്രഭാത ഭക്ഷണമായി ഇഡ്‌ലി, ഉപ്പുമാവ്, പുട്ട് എന്നിവയാണ് ഒരുക്കുക. വൈകിട്ട് ചായയും ചെറുകടിയും ഒരുക്കിയിട്ടുണ്ട്.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ പതിനായിരത്തോളം സ്റ്റീല്‍ ഗ്ലാസുകള്‍, പാത്രങ്ങള്‍, 120 പാചക വാതക സിലിണ്ടറുകള്‍ എന്നിവയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്കൊഴിവാക്കി ഹരിത ചട്ടപ്രകാരമാണ് കലവറയുടെ പ്രവര്‍ത്തനങ്ങള്‍. ഹരിതചട്ടം ഉറപ്പാക്കാനായി എന്‍.എസ്.എസ്., ഹരിതകര്‍മ്മ സേന, ശുചീകരണ ഉദ്യോഗസ്ഥര്‍ എന്നിവരെ വിന്യസിക്കും. അജൈവ, ജൈവ മാലിന്യങ്ങള്‍ പ്രത്യേകം തരംതിരിച്ച് ശേഖരിക്കാനായി പ്രത്യേക സംഭരണികളും സ്ഥാപിക്കും.

മലയോര ജില്ലകളായ വയനാട്, ഇടുക്കി ജില്ലകളില്‍ നിന്നും ഏലയ്ക്ക, തെയില, കാപ്പി എന്നിവയും കോട്ടയം ജില്ലയില്‍ നിന്ന് പഞ്ചസാര, ശര്‍ക്കര എന്നിവയും, കൊല്ലത്തുനിന്ന് വെളിച്ചെണ്ണ, നാളികേരം, വെള്ളരിക്ക, കറിനാരങ്ങ എന്നിവയും എറണാകുളം ജില്ലയില്‍ നിന്നുള്ള ചേനയും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള പച്ചക്കായും കലോത്സവ കലവറക്ക് മാറ്റേകും. വിവിധ ജില്ലകളില്‍ നിന്നുമുള്ള പച്ചക്കറികള്‍ ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ പി.പി. ചിത്തരജ്ഞന്‍ ഏറ്റുവാങ്ങി. അതത് ജില്ലകളില്‍ നിന്നുമുള്ള കേരള സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കലവറയിലേക്കാവശ്യമുള്ള വസ്തുക്കള്‍ എത്തിച്ചത്. പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് ആദ്യമെത്തി വിഭവങ്ങള്‍ കൈമാറിയത്. ്വിവിധ ജില്ലകളില്‍ നിന്നുള്ള ഭക്ഷണ സാധനങ്ങളെല്ലാം പ്രധാന ഭക്ഷണ വിതരണ കേന്ദ്രമായ ഇ.എം.എസ്. സ്റ്റേഡിയത്തിലെ കലവറയില്‍ എത്തി കഴഞ്ഞു.