നേപ്പാളില്‍ ദുരന്തം; മൃതദേഹം വീട്ടിലെത്തിക്കാന്‍ പണം നല്‍കില്ലെന്ന് ഇന്ത്യന്‍ എംബസി, ചെലവ് കേരള സര്‍ക്കാര്‍ വഹിക്കും

നേപ്പാളില്‍ മരിച്ചവരെ നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് വഹിക്കാമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ എംബസ്സി കയ്യൊഴിഞ്ഞതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്.

മുഖ്യമന്ത്രിയുടെ ഓഫീസാണ് നോര്‍ക്കയ്ക്ക് തുക നല്‍കാനുളള്ള നിര്‍ദ്ദേശം നല്‍കിയത്. നോര്‍ക്ക സിഇഒ ദില്ലിയിലെ നോര്‍ക്ക ഉദ്യോഗസ്ഥരുമായും വിദേശകാര്യമന്ത്രാലയവുമായും സംസാരിച്ചു.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശം കിട്ടാത്തതിനാല്‍ മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പണം നല്‍കാന്‍ ആവില്ലെന്നായിരുന്നു എംബസിയുടെ വിശദീകരണം. 10 ലക്ഷത്തോളം രൂപയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് എയര്‍ ഇന്ത്യ ചോദിക്കുന്നത്.

ഇതേ സമയം എട്ടുമലയാളികളുടെയും മൃതദേഹംങ്ങള്‍ നാളെ രാവിലെ പതിനൊന്നരയോടെ ഡല്‍ഹിയിലെത്തിക്കാന്‍ ശ്രമം തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. തുടര്‍ന്ന് വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

Read more

തിരുവനന്തപുരം സ്വദേശി പ്രവീണ്‍ നായരും ഭാര്യ ശരണ്യയും മൂന്നുമക്കളും കോഴിക്കോട് കുന്ദമംഗലത്ത് നിന്നുള്ള രഞ്ജിത്തും ഭാര്യ ഇന്ദുലക്ഷ്മിയും മകനുമാണ് ഹോട്ടല്‍മുറിയില്‍ ഹീറ്ററില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ച് മരിച്ചത്