ഓഖി: രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച; മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെന്നു മുഖ്യമന്ത്രി; 'തൊലാളികളുടെ നിസ്സഹകരണം രക്ഷാപ്രവര്‍ത്തനത്തിനു തടസമാകുന്നു'

ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പു ലഭിക്കാന്‍ വൈകിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 33 പേരാണ് ഇതുവരെ തിരിച്ചെത്തിയതെന്നും ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയത് ഇന്നലെ ഉച്ചയ്ക്കു മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഴു കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ നിസഹകരണം രക്ഷാപ്രവര്‍ത്തനത്തിനു തടസമാകുന്നതായും പിണറായി പറഞ്ഞു.

വള്ളങ്ങള്‍ ഉപേക്ഷിച്ചു കപ്പലില്‍ മടങ്ങാന്‍ പലരും തയാറല്ല. 33 വള്ളങ്ങളില്‍ ഉള്ളവര്‍ മടങ്ങാന്‍ തയാറല്ല. ഇവരെല്ലാം സുരക്ഷിതരാണ്. രക്ഷാപ്രവര്‍ത്തനത്തിനാണു മുന്‍ഗണന നല്‍കുന്നത്.രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ വിമാനങ്ങള്‍ അയയ്ക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കനത്ത കാറ്റും കടല്‍ക്ഷോഭവും ശക്തമാകുന്നതിനിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ വന്‍ വീഴ്ച വരുത്തുന്നുവെന്നാരോപണം. തിരുവനന്തപുരം സെന്റ് ആന്‍ഡ്രൂസ് കടല്‍ തീരത്തു നിന്നും ഒരു കാലോമീറ്റര്‍ അകലെ ഒരാള്‍ തടിക്കഷണത്തില്‍ ജീവനുമായി മല്ലടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു്. രാവിലെ അഞ്ചു മണിക്ക് ഇത് കണ്ട പ്രദേശവാസികള്‍ പൊലീസ് അടക്കമുള്ള അധികൃതരെ വിളിച്ചറിയിച്ചിട്ടും നാലുമണിക്കൂര്‍ ശേഷവും ആരും എത്തിയില്ലെന്ന് ആരോപണമുണ്ട്.

കടല്‍ വളരെ പ്രക്ഷുപ്തമായതിനാല്‍ മത്സ്യ തൊഴിലാളികളും തികച്ചും നിസഹായരാണ്. കോസ്റ്റ് ഗാര്‍ഡോ മറൈന്‍ എന്‍ഫോഴ്സ്മെന്റോ എത്താതെ ഇയാളെ രക്ഷിക്കാന്‍ സാധിക്കില്ലെന്നാണു വിലയിരുത്തല്‍. അധികൃതരുടെ രക്ഷാപ്രവര്‍ത്തന വീഴ്ച്ചക്കെതിരെ വന്‍ പ്രതിക്ഷേധമാണ് ജനങ്ങള്‍ക്കിടയില്‍ ഉയരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മുഖ്യമന്ത്രി വീണ്ടും അടിയന്തിര യോഗം വിളിച്ചു.അതിനിടെ കൊച്ചില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 213 ബോട്ടുകളും തിരിച്ചെത്തിയിട്ടില്ലെന്നാണ് വിവരം. രണ്ടായിരത്തിലധികം തൊഴിലാളികള്‍ ഇവയിലുള്ളതായിട്ടാണ് കരുതുന്നത്.

ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച പറ്റിയതായെന്ന ആരോപണം വ്യാപകമാണ്. മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികളും പറയുന്നു. കടലില്‍ നിന്ന് രക്ഷപ്പെട്ടവരെ മറ്റ് മത്സ്യ തൊഴിലാളികള്‍ തന്നെയാണ് രക്ഷിച്ച് കരക്കെത്തിച്ചിരിക്കുന്നത്. ഉള്‍ക്കടലില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചും മറ്റും അന്വേഷണം നടത്തുന്നുണ്ടെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നെന്നാണ് അധികൃതര്‍ പറയുന്നത്. ഉള്‍ക്കടിലെ സ്ഥിതിഗതി വളരെ ഭീകരമാണെന്നും രക്ഷപ്പെട്ടെത്തിയ മത്സ്യ തൊഴിലാളികള്‍ പറയുന്നു.

Read more

അതിനിടെ, കുളച്ചിലില്‍ നിന്നുള്ള ക്രൈസ്റ്റ് ബോട്ട് തീരത്തടിഞ്ഞിട്ടുണ്ട്. കൂടാതെ രണ്ടു വള്ളവും കരയ്ക്കടിഞ്ഞിട്ടുണ്ട്. ചെല്ലാനം, എടവനക്കാട് തീരപ്രദേശത്ത് വീടുകളില്‍ വെള്ളം കയറി. ഇവിടുത്തെ താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. വര്‍ക്കല ബീച്ചില്‍ 50 മീറ്ററോളം കടല്‍ തീരത്തേക്കു കയറി. കൊച്ചിയിലും പൊന്നാനിയിലും കടല്‍ക്ഷോഭം രൂക്ഷമാണ്. ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തില്‍ തമിഴ്‌നാട്ടിലും കേരളത്തിലുമായി എട്ട് പേര്‍ മരിച്ചിട്ടുണ്ടെന്നാണ് വിവരം.