ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ  ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. നടപടിയെടുക്കുന്നതില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി  പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി മോട്ടോര്‍വാഹന വകുപ്പ് ആണ് വൈകിപ്പിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ വഫയില്‍ നിന്നും ശ്രീറാമില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് തയ്യാറാക്കിയിട്ടുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ ഇതുവരെ നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നും വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു പൊലീസ് അതിന് നല്‍കിയ വിശദീകരണം.

അപകടം ഉണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത് വൈകിയതാണ് നടപടികള്‍ നീണ്ടു പോകുന്നതിനുള്ള ഒരു കാരണമെന്നും ഉദ്യോഗസ്ഥര്‍ വാദിച്ചിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമായതിനാല്‍ ശ്രീറാമിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മാത്രമേ കഴിയൂവെന്നും റദ്ദു ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട്.