ശ്രീനിവാസന്‍ വധം: പ്രതിയുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസിലെ പ്രതിയുടെ വീടിന് നേരെ ആക്രമണം. കാവില്‍പ്പാട് സ്വദേശിയായ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഫിറോസിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ് നടന്നു. തീപിടിക്കാത്തതിനാല്‍ വലിയ അപകടം ഒഴിവായി.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ അക്രമി സംഘം വീട്ടിലേക്ക് പെട്രോള്‍ നിറച്ച കുപ്പികള്‍ വലിച്ചെറിയുകയായിരുന്നു. ഈ സമയം ഫിറോസിന്റെ മാതാപിതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ വീട്ടില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ഹേമാംബിക നഗര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിസരത്തുള്ള സിസിടിവി ക്യാമറകള്‍ പരിശോധിക്കും. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം ഒാടിച്ചയാണ് ഫിറോസ്. ഇയാളെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായിരുന്നു. പാലക്കാട് മുണ്ടൂര്‍ സ്വദേശി നിഷാദ്, ശങ്കുവാരത്തോട് സ്വദേശികളായ അക്ബര്‍ അലി, അബ്ബാസ് എന്നിവരാണ് അറസ്റ്റിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കുള്ള പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.

കൊലയാളി സംഘത്തിലെ മൂന്ന് പേരും ഗൂഢാലോചനയില്‍ പങ്കെടുത്ത പത്ത് പേരുമാണ് ഇതുവരെ പിടിയിലായത്. നേരിട്ട് പങ്കെടുത്ത് മൂന്ന് പ്രതികളെ ഇനിയും പിടികൂടാനുണ്ട്.