ശ്രീനിവാസന്‍ വധം; നാല് പേര്‍ കൂടി അറസ്റ്റില്‍

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ നാലു പേര്‍ കൂടി അറസ്റ്റിലായതായി എഡിജിപി വിജയ് സാഖറെ അറിയിച്ചു. അബ്ദുറഹ്‌മാന്‍, ഫിറോസ് ബാസിത്, റിഷില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ 13 പേര്‍ അറസ്റ്റിലായി.

കൊലപാതകത്തില്‍ പങ്കെടുത്തവരാണ് അബ്ദുറഹ്‌മാനും ഫിറോസും. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് ബാസിത്തും റിഷിലും. കൊലയാളി സംഘത്തിന് അകമ്പടിയായി പോയ ചുവന്ന നിറത്തിലുള്ള മാരുതി കാറിലാണ് ആയുധം എത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മൂന്ന് ബൈക്കുകളോടൊപ്പം പോകുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ബൈക്കുകളിലുള്ളവരെയും അത് ഓടിച്ചിരുന്നവരെയും തിരിച്ചറിഞ്ഞതായാണ് സൂചന.

ഉടനെ തന്നെ എല്ലാ പ്രതികളെയും പിടികൂടാന്‍ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. കൊലപാതക സംഘത്തില്‍ പെട്ട ഇക്ബാല്‍ എന്നയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട്ടെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ ഓടിച്ചിരുന്ന വാഹനവും കണ്ടെത്തിയിരുന്നു.

അതേസമയം പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തും. സുബൈറിന്റെ പിതാവ് അടക്കം നാലോളം പേരാണ് പ്രതികളെ തിരിച്ചറിയേണ്ടത്. ഇതിനായി റിമാന്റില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ നല്‍കാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും.