ശ്രീറാം കാറോടിച്ചത് അമിത വേഗത്തില്‍ തന്നെ, രണ്ടു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എടുത്തത് ഒരു മിനിറ്റില്‍ താഴെ മാത്രം; സൂചന നല്‍കി സിസി ടിവി ദൃശ്യങ്ങള്‍

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിക്കുന്ന സമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ അമിത വേഗത്തിലെന്ന് സൂചന നല്‍കി സിസി ടിവി ദൃശ്യങ്ങള്‍. അപകടത്തിന് തൊട്ടു മുമ്പ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വിശ്രമകേന്ദ്രത്തില്‍ നിന്നും ശ്രീറാം പുറത്തിറങ്ങുന്ന രണ്ടു സിസി ടിവി ദൃശ്യങ്ങളാണ് മാതൃഭൂമി ന്യൂസ് പുറത്തു വിട്ടത്.

12:49 ഓടെ ഗെയിറ്റ് തുറന്ന് ശ്രീറാം പുറത്തേക്ക് വരുന്നതും നടന്നു പോകുന്നതുമായ രണ്ട് ക്യാമറകളില്‍ നിന്നുള്ള ദൃശ്യമാണ് ഉള്ളത്. വഫയുടെ മൊഴി അനുസരിച്ച് ശ്രീറാം കാറില്‍ കയറുന്നത് കവടിയാര്‍ പാര്‍ക്കില്‍ നിന്നാണ്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വിശ്രമ കേന്ദ്രത്തില്‍ നിന്ന് കവടിയാര്‍ പാര്‍ക്കിലേക്ക് പത്ത് മിനിട്ട് നടക്കേണ്ടി വരും. ഇങ്ങനെയാണെങ്കില്‍ 12.59 ന് മാത്രമേ ശ്രീറാം എത്തൂ.

കവടിയാറില്‍ നിന്ന് ശ്രീറാം കാറില്‍ കയറിയെങ്കിലും കവടിയാറിനും പബ്ലിക് ഓഫീസിനും ഇടയിലുള്ള കഫേ കോഫി ഡേയ്ക്ക് മുമ്പില്‍ കാര്‍ നിര്‍ത്തിയെന്നും ശ്രീറാം ഡ്രൈവിംഗ് സീറ്റിലേക്ക് മാറി കയറിയെന്നും വഫ മൊഴി നല്‍കിയിട്ടുണ്ട്. പുലര്‍ച്ചെ 1.01 ആണ് കെ.എം ബഷീര്‍ അപകടത്തില്‍ പെട്ട് മരിക്കുന്നത്.

അങ്ങനെയെങ്കില്‍ ഒരു മിനിട്ടില്‍ താഴെയുള്ള സമയത്ത് ഇതെല്ലാം നടന്നിട്ടുണ്ടാകണം. കഫേ കോഫി ഡേയ്ക്ക് മുമ്പില്‍ നിന്ന് അപകട സ്ഥലത്തേയ്ക്ക് രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുണ്ട്.  കാര്‍ അമിത വേഗത്തിലായിരുന്നു എന്നതിന്റെ തെളിവാണ് ഇതെല്ലാം സൂചിപ്പിക്കുന്നത് എന്നും മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നു.

Read more

ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്നും ഇതൊന്നും മനസ്സിലാവാത്തത് പൊലീസിന് മാത്രമാണെന്നും സിറാജ് മാനേജര്‍ സൈഫുദ്ദീന്‍ ഹാജി പറഞ്ഞു.