തന്നെ ' വിളിക്കാച്ചാത്തം ഉണ്ണുന്നവന്‍' എന്ന് വിളിച്ചു സാബു എം. ജേക്കബ് ആക്ഷേപിച്ചു, സാമൂഹികമായി ബഹിഷ്‌കരിച്ചു, പി.വി ശ്രീനിജന്റെ പരാതി

പട്ടികജാതിക്കാരനായ തന്നെ ‘വിളിക്കാച്ചാത്തം ഉണ്ണുന്നവന്‍’ എന്ന് വിളിച്ച് ട്വിന്റി ട്വന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ആക്ഷേപിച്ചെന്ന് കുന്നത്ത നാട് എം എല്‍ എ പി വി ശ്രീനജന്‍ എം എല്‍ എ പുത്തന്‍ കുരിശ് ഡി വൈ എസ് പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് മുന്നിലും, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തും തനിക്കെതിരെ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയെന്നാണ് ശ്രീനിജന്‍ പറയുന്നത്. ഈ പരാമര്‍ശങ്ങളുടെ ഓഡിയോ ടേപ്പും പരാതിക്കൊപ്പം ശ്രീനിജന്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കുന്നത്ത് നാട് നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ഉള്ള ട്വിന്റി ട്വിന്റി യുടെ പഞ്ചായത്ത് പ്രസിഡന്റുമാരെയും അംഗങ്ങളോടും തന്റെ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലന്ന് സാബു എം ജേക്കബ് നിര്‍ദേശം നല്‍കുകയും അവരെ അതില്‍ നിന്ന വിലക്കുകയും ചെയ്തതായി ശ്രീനിജന്‍ തന്റെ പരാതിയില്‍ പറയുന്നു. പട്ടിക ജാതി വിഭാഗത്തില്‍ പെട്ട തന്നെ സാമൂഹികമായി ഒറ്റപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും വേണ്ടിയാണ് ഇത് ചെയ്തത്.

താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ തന്നെ പരസ്യമായി ബഹിഷ്‌കരിച്ച് വേദിയില്‍ നിന്ന് ഇറങ്ങിയിരിക്കുകയും താന്‍ വേദി വിട്ട് പോകുമ്പോള്‍ മാത്രം ഇവര്‍ തിരിച്ചുവരികയും ചെയ്യാറുണ്ട്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്ക്, വൈസ് പ്രസഡിന്റ് പ്രസന്നാ പ്രദീപ്, പഞ്ചായത്ത് മെമ്പര്‍മാരായ സത്യപ്രകാശ്, ജീല്‍ മാവേലില്‍ , രജനി പി റ്റി എന്നിവരുടെ നേൃത്വത്തില്‍ തനിക്കെതിരെ ഗൂഡാലോചന നടത്തിയതായും ശ്രീനിജന്‍ തന്റെ പരാതിയില്‍ പറയുന്നു.

പട്ടികജാതിക്കാരനായ തന്നെ മറ്റുള്ളവരുടെ മുമ്പില്‍ വച്ച് പരമാവധി ഇകഴ്തിക്കാണിക്കാനും അപമാനിക്കാനുമാണ് ഇത്തരത്തില്‍ തന്നെ സാമൂഹികമായി ബഹിഷ്‌കരിക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ കാലത്ത് തന്നെ മുറിയില്‍ പൂട്ടിയടണമെന്ന് സാബു ജേക്കബ് പറഞ്ഞ കാര്യവും ശ്രീനിജയന്‍ സൂചിപ്പിക്കുന്നുണ്ട്. കുന്നത്ത്‌നാട് മണ്ഡലത്തിലെ പരിപാടികളില്‍ താന്‍ വിളിക്കാതെ വന്നു കേറുകയാണന്ന അര്‍ത്ഥത്തില്‍ വിളിക്കാചാത്തമുണ്ണുന്നവന്‍ എന്ന് പറഞ്ഞു പരിഹസിച്ച് അപമാനിക്കുകയായിരുന്നുവെന്നും ശ്രീനിജന്‍ പരാതിയില്‍ പറയുന്നു.