യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി അഖിലിനെ എസ്എഫ്‌ഐ യൂണിറ്റ് അംഗങ്ങള്‍ ചേര്‍ന്ന് വധിക്കാന്‍ ശ്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. എല്‍ഡിഎഫ് കണ്‍വീണറുടെ പ്രതികരണവും ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തയുമെല്ലാം യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഭവങ്ങളെ ന്യായീകരിക്കുന്നതാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കേരളം മര്യാദയുടെ സീമകള്‍ ഇല്ലാത്ത നാടായി മാറിയിരിക്കുകയാണ്. “കോമ്രേഡ്” എന്ന വാക്കിന്റെ അര്‍ത്ഥം കോടിയേരി വിശദീകരിക്കണമെന്നും ശ്രീഘരന്‍ പിള്ള പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസ് പിടിച്ചെടുത്ത സഭവത്തില്‍ പിഎസ്സി, പാര്‍ട്ടി വിങ് ആയി മാറിയിരിക്കുന്നതായും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.

യൂണിവേഴ്സിറ്റി കോളേജ് സംഭവവും അനുബന്ധ സംഭവങ്ങളും സിബിഐ അന്വേഷിക്കണം എന്ന് ബിജെപി ആവശ്യപ്പെടുന്നു. യൂണിവേഴ്‌സിറ്റി കോളേജ് സംഭവുമായി ബന്ധപ്പെട്ട് ബിജെപി സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് പ്രതിഷേധ മാര്‍ച്ച് ജൂലൈ 26 നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.