ഡോളർ കടത്ത് കേസിൽ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും; 12-ന് ഹാജരാവാൻ നോട്ടീസ്

ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് കസ്റ്റംസിന്റെ നോട്ടീസ്. പന്ത്രണ്ടാം തിയതി ചോദ്യം ചെയ്യലിന് സ്പീക്കർ ഹാജരാവണം എന്നാണ് നോട്ടീസിൽ പറയുന്നത്. കൊച്ചി ഓഫീസിൽ നിന്നാണ് ചോദ്യം ചെയ്യാൻ നോട്ടീസ് അയച്ചിരിക്കുന്നത്. കോൺസുൽ ജനറൽ വഴിയാണ് ഡോളർ കടത്തെന്നും ​ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ പണം നിക്ഷേപിച്ചു എന്നുമാണ് കേസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളുടെ മൊഴി കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. 164 വകുപ്പ് പ്രകാരം സ്വപ്‌ന നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം. മുന്‍ യു.എ.ഇ കോൺസുൽ  ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്തെ മൂന്ന് മന്ത്രിമാര്‍ക്കും ഈ ഇടപാടുകളില്‍ പങ്കുണ്ട്. പല ഇടപാടുകളിലും കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്നും സ്വപ്‌നയുടെ മൊഴി പ്രകാരം കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.

കോൺസുൽ ജനറലുമായുള്ള ഇടപെടലുകളില്‍ അറബിയിലേക്കുള്ള തര്‍ജ്ജമ ചെയ്തിരുന്നത് താനാണെന്നും സ്വപ്ന പറയുന്നു. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയുന്നതെന്നും സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് സ്പീക്കറോട് നേരിട്ട് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്.