ധനമന്ത്രിയോട് എത്തിക്സ് കമ്മറ്റിയുടെ മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ടത് മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തു; സ്പീക്കറുടെ ഓഫീസ്

സി ആൻഡ് എജി റിപ്പോർട്ടിലെ പരാമർശങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വിട്ട പ്രശ്നത്തെ സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്കിനോട് എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാവാൻ ആവശ്യപ്പെട്ടത് മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തെന്ന് സ്പീക്കറുടെ ഓഫീസ്.

വിഷയത്തിൽ ധനമന്ത്രി എടുത്ത നടപടിയിൽ രണ്ടഭിപ്രായം ഉയർന്നു വന്ന സാഹചര്യത്തിലാണ് തുടർ നടപടികൾക്കായി എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്.

സഭയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് നിയമസഭാ സാമാജികർ ഉന്നയിച്ച ആശങ്കകൾ ഗുരുതരമാണെന്നും അതേ പോലെ തന്നെ പ്രധാന്യമുള്ളതാണ് ധനമന്ത്രി ഉന്നയിച്ച അടിസ്ഥാനപ്രശ്നങ്ങളുമെന്നും സ്പീക്കറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

നിയമസഭാ സെക്രട്ടേറിയറ്റ് തീരുമാനമെടുക്കുമ്പോൾ അനുകൂലമല്ലാതായാൽ അസഹിഷ്ണുതയുടെയും ഇഷ്ടപ്രകാരമാകുമ്പോൾ അമിതോത്സാഹത്തോടെയും ഉപയോഗിക്കുന്ന പ്രവണത കാണാറുണ്ട്. അത് അപക്വമായ രീതിയാണ്.

ജനാധിപത്യത്തിൻറെ ഏറ്റവും ശക്തിമത്തായ ഭരണഘടനാ സ്ഥാപനത്തോട് പലപ്പോഴും സ്വീകരിക്കുന്ന രീതികളും വാക്കുകളും ശരിയാണോ എന്ന് ബന്ധപ്പെട്ടവർ സ്വയം പരിശോധിക്കണം. ഇക്കാര്യം ജനങ്ങൾ സ്വതന്ത്രമായി വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നും സ്പീക്കറുടെ ഓഫീസ് പറയുന്നു.