ഗവര്‍ണറെ തടഞ്ഞ സംഭവം: പ്രതിപക്ഷത്തിന് എതിരെ നടപടിയെടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് സ്പീക്കര്‍

നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞ നടപടി സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷത്തിനെതിരെ നടപടിയെടുക്കണമോ എന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ വിയോജിപ്പ് സഭാരേഖകളില്‍ ഉണ്ടാകില്ല. നയപ്രഖ്യാപന പ്രസംഗത്തിലുള്ളതേ സഭാരേഖകളില്‍ ഉണ്ടാവുകയുള്ളുവെന്നും സ്പീക്കര്‍ പറഞ്ഞു.

പ്രതിപക്ഷാംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു. പ്രതിപക്ഷത്തിന്റെ പരാതി പരിശോധിക്കും. ബലപ്രയോഗം കൂടാതെ ഗവര്‍ണര്‍ ഉള്‍പ്പടെയുളളവര്‍ക്ക് വഴിയൊരുക്കാനുള്ള നിര്‍ദേശമാണ് വാച്ച് ആന്‍ഡ് വാര്‍ഡിന് നല്‍കിയിരുന്നത്. മന്ത്രിസഭ അംഗീകരിച്ച പോളിസിയാണ് ഗവര്‍ണര്‍ സഭയെ അറിയിക്കുന്നത്. അതിന് മാറ്റം വരുത്താന്‍ മുന്‍കാലങ്ങളിലെ ഗവര്‍ണര്‍മാരും തയ്യാറായിട്ടില്ല. ഇപ്പോഴത്തെ ഗവര്‍ണറും തയ്യാറായിട്ടില്ല.

Read more

പ്രതിപക്ഷം സമര്‍പ്പിച്ച പ്രമേയം ചട്ടപ്രകാരം നിലനില്‍ക്കുന്നതാണെന്നും സ്പീക്കര്‍ പറഞ്ഞു. അതിനുസമയം നിശ്ചയിക്കണോ എന്ന കാര്യത്തില്‍ കാര്യോപദേശ സമിതിയുമായി കൂടിച്ചേര്‍ന്ന് തീരുമാനമെടുക്കും. സര്‍ക്കാര്‍ നിശ്ചയിച്ച പരിപാടികള്‍ക്ക് ശേഷം മാത്രമേ പ്രമേയം പരിഗണിക്കൂ.