ദുരന്തത്തില്‍ പകച്ചു നില്‍ക്കേണ്ട; ഡ്രോണുകള്‍ വഴി സൂരജ് സഹായമെത്തിക്കും

നിജി രാജീവ്

സംസ്ഥാനത്ത് കനത്ത നാശം വിതച്ച് മഴതുടരുകയാണ്. ദുരിതംബാധിച്ച ഇടങ്ങളില്‍ അവശ്യസാധനങ്ങളെത്തിക്കാനാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്. എന്നാല്‍ ഇതിന് ഡ്രോണുകള്‍ ഉപയോഗിച്ച് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കോട്ടയം പള്ളിക്കത്തോട് സ്വദേശി സൂരജ്. ഹെലിക്യാം വഹിക്കുന്ന ഡ്രോണുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ചെങ്ങന്നൂരില്‍ ഭക്ഷണവും മരുന്നും എത്തിച്ചത് വാര്‍ത്തയായിരുന്നു. നാവിക സേനയുടേയും സംസ്ഥാനസര്‍ക്കാരിന്റേയും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലായിരുന്നു സേവനപ്രവര്‍ത്തനങ്ങള്‍.

സിനിമാ ഷൂട്ടിംഗിന് ഉപയോഗിക്കുന്ന ഡി.ജെ.ഐ. ഇന്‍സ്പയര്‍ 2 എന്ന ഡ്രോണിലാണ് ഇവ നല്‍കിയത്. നാവികസേനയുടെ ബോട്ടിലാണ് സൂരജും സംഘവും ഡ്രോണുമായി പോയത്. ബോട്ടുകള്‍ക്ക് എത്തിപ്പെടാനാകാത്ത ഇടങ്ങളിലേക്ക് ഡ്രോണ്‍ പറത്തി. ഡ്രോണില്‍ ഘടിപ്പിച്ച ക്യാമറയും ജി.പി.എസ് സംവിധാനവുമുപയോഗിച്ചാണ് കുടുങ്ങിക്കിടന്ന ആളുകളെ കണ്ടെത്തിയത്.

ഇത്തവണയും ധാരാളം അന്വേഷണങ്ങള്‍ വരുന്നുണ്ടെന്ന് സൂരജ് പറയുന്നു. വെള്ളപ്പൊക്കം ബാധിച്ച പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തകരും സജീവമാണ്.കോട്ടയത്ത് ലൈവ് മീഡിയ എന്ന സ്ഥാപനം നടത്തുന്ന സൂരജ്, 25ഓളം സിനിമകളില്‍ ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചിട്ടുണ്ട.

അന്വേഷണങ്ങള്‍ക്ക്: 9447456839, 9544752580