അച്ചടക്കസമിതിയുടെ ശിപാര്‍ശ സോണിയ ഗാന്ധി അംഗീകരിച്ചു; കെ.വി തോമസിന്റേത് അടഞ്ഞ അദ്ധ്യായമെന്ന് കെ.സി വേണുഗോപാല്‍

കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ ശിപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാനുള്ള ഉത്തരവാദിത്വം അധ്യക്ഷയ്ക്കാണ്. വിഷയത്തില്‍ ഇനി ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. കെ വി തോമസിന്റേത് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.

നേതൃത്വത്തിന്‍രെ വിലക്ക് ലംഘിച്ച് സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന സെമിനാറില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കം ചെയ്യാനാണ് അച്ചടക്കസമിതി ശിപാര്‍ശ ചെയ്തത്. കുറ്റം വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ താക്കീത് നല്‍കാനും ശിപാര്‍ശയില്‍ പറയുന്നു. എ കെ ആന്റണി അധ്യക്ഷനായ സമിതിയാണ് ശിപാര്‍ശ നല്‍കിയത്.

ഏപ്രില്‍ 11ന് ചേര്‍ന്ന അച്ചടക്ക സമിതി യോഗമാണ് കെ.വി തോമസിനെതിരായ പരാതി പരിശോധിച്ചത്. ഇന്നലെയാണ് പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി ശിപാര്‍ശ ചെയ്തത്. രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും പിസിസി എക്സിക്യൂട്ടീവില്‍ നിന്നും നീക്കാനാണ് തീരുമാനം.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാലും കോണ്‍ഗ്രസുകരാനായി തന്നെ തുടരുമെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം. വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്തതിന് കെ വി തോമസിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നത്.