‘അച്ഛനെ കോണ്‍ഗ്രസുകാര്‍ ചതിച്ച് ഇല്ലാതാക്കി, അവരെ നിയമത്തിന് മുമ്പില്‍ എത്തിക്കണം’; മുല്ലപ്പള്ളിക്ക് ചെറുപുഴയിലെ കരാറുകാരന്റെ മകന്റെ കത്ത്

തന്റെ അച്ഛനെ കോണ്‍ഗ്രസുകാര്‍ ഇല്ലാതാക്കിയെന്ന ആരോപണവുമായി ചെറുപുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കരാറുകാരന്‍ ജോയിയുടെ മകന്‍. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അയച്ച കത്തിലാണ് ഈ ആരോപണം.

നല്ല കോണ്‍ഗ്രസുകാരനായിരുന്ന അച്ഛനെ കോണ്‍ഗ്രസുകാര്‍ തന്നെ ചതിച്ച് ഇല്ലാതാക്കിയത് എന്തിനാണെന്നും കത്തില്‍ ചോദിക്കുന്നു. നീതിക്കായി ഇടപെടണമെന്നും കത്തില്‍ ആവശ്യമുണ്ട്.

ലഭിക്കാനുള്ള പണത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവുമായി ചിലര്‍ ചര്‍ച്ചകള്‍ നടന്നിരുന്നെന്നും അതിനു ശേഷമാണ് ജോയിയെ കാണാതായതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മരിക്കുന്നതിനു തലേദിവസം മുദ്രപത്രം അടക്കമുള്ള രേഖകള്‍ സഹിതമാണ് ജോയ് പോയതെന്നും എന്നാല്‍ ഇപ്പോള്‍ ഈ രേഖകള്‍ കാണാനില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും സമഗ്രാന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് പദയാത്ര നടത്തുമോയെന്നും ജയരാജന്‍ ചോദിച്ചു.

സംഭവ ദിവസം പുലര്‍ച്ചെ മൂന്നര വരെ പൂര്‍ണമായി തെരച്ചില്‍ നടത്തിയ അതേ കെട്ടിടത്തില്‍ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. അപായപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടുവന്നിട്ടതാകാം.

രണ്ടു കൈകളിലെയും ഒരു കാലിലെയും ഞരമ്പുകള്‍ മുറിച്ച നിലയില്‍ കാണപ്പെട്ടിട്ടുണ്ട്. ഇവയിലെല്ലാം ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു. പണം കിട്ടാനും കൊടുക്കാനുമുള്ള കണക്കുകള്‍ രേഖപ്പെടുത്തിയ ഒരു കുറിപ്പും ഇവിടെ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കെ. കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രി കെട്ടിടം നിര്‍മ്മിച്ച വകയില്‍ ഒരു കോടിയലധികം രൂപയാണ് ജോയിക്കു ലഭിക്കാനുള്ളതെന്നു ബന്ധുക്കള്‍ പറഞ്ഞിരുന്നു.

നല്‍കാനുള്ള പണം ചോദിച്ചു ബന്ധപ്പെട്ടപ്പോള്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളും ഒഴിവുകഴിവുകള്‍ പറഞ്ഞെന്നും കുടുംബം ആരോപിച്ചു.

ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നാണ് ആത്മഹത്യ ചെയ്ത നിലയില്‍ ജോയിയെ കണ്ടെത്തിയത്. ജോയിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടക്കവെയാണ് മൃതദേഹം കണ്ടെത്തിയത്.