കഴുത്തില്‍ ഷീറ്റ് ചുറ്റി അമ്മയെ കൊന്നു ചുട്ടെരിച്ച മകന്‍ അറസ്റ്റില്‍

പേരൂര്‍ക്കട മണ്ണടി ലെയ്‌നില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അക്ഷയ്യെ അറസ്റ്റ് ചെയ്തു. പേരൂര്‍ക്കട സ്വദേശി ദീപ അശോകന്റെ മൃതദേഹം ആണ് വീടിനു സമീപം ചപ്പുചവറുകള്‍ക്കിടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

അമ്പതുകാരിയായ ദീപയും മകനുമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നു. ദീപയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. സംഭവസമയം സഹോദരി ഭര്‍തൃവീട്ടിലായിരുന്നു.

രണ്ടു ദിവസമായി മകനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. എഞ്ചിനീയറിംഗ് ബിരുദധാരി ആണ് അക്ഷയ്. അമ്മയുമായി നടന്ന തര്‍ക്കത്തിന്റെ പേരില്‍ കഴുത്തില്‍ ബെഡ്ഷീറ്റ് മുറുക്കി കൊലപ്പെടുത്തിയശേഷം ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു എന്നാണ് മൊഴി. ഡിഎന്‍എ പരിശോധനകള്‍ അടക്കമുള്ള നടപടികള്‍ നടത്തിവരികയാണ്.