സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി എറണാകുളത്ത് മത്സരിച്ചേക്കും; ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയുമായി ബന്ധമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലില്‍ പുലിവാല്‍ പിടിച്ച് എല്‍.ഡി.എഫ്

എറണാകുളത്ത് ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ സോളാര്‍ പീഡന കേസിലെ പരാതികാരി മത്സരിക്കുമെന്ന് അഭ്യൂഹം പരക്കുന്നു. തന്റെ പീഡന പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഇവര്‍ക്കെതിരെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പരാതികാരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതാണ് ഹൈബിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ പരാതികാരി മത്സരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണം.

സ്വതന്ത്രയായിട്ടായിരിക്കും മത്സരിക്കുക. താന്‍ ഉന്നിയിച്ചത് വ്യാജ ആരോപണമല്ല. കൃത്യമായ തെളിവുകള്‍ കൈവശമുണ്ട്. അത് സഹിതമാണ് മത്സരിക്കുക. മുമ്പ് ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയുമായി ബന്ധമുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അത്തരം രാഷ്ട്രീയ ബന്ധങ്ങളില്ലെന്നും പരാതികാരി നേരത്തെ പറഞ്ഞിരുന്നു.

ഇടതുപക്ഷത്തുള്ള കേരള കോണ്‍ഗ്രസ് ബിയുമായി രാഷ്ട്രീയ ബന്ധമുള്ളതായി പരാതികാരി തുറന്നത് പറഞ്ഞ് എല്‍ഡിഎഫിന് വെട്ടിലാക്കിയിട്ടുണ്ട്. രാഷ്ട്രീയമായി കോണ്‍ഗ്രസ് നേതാക്കളെ തകര്‍ക്കാന്‍ എല്‍ഡിഎഫ് സോളാര്‍ ആയുധമായി ഉപയോഗിക്കുന്നതായി യുഡിഎഫ് ആരോപിക്കുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍. ഇതോടെ ഈ തിരഞ്ഞെടുപ്പിലും സോളാര്‍ ചര്‍ച്ചയാകുന്നതിന് സാധ്യത തെളിയുകയാണ്.

നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈംഗികപീഡനത്തിന് കേസെടുത്തിരുന്നു. കോന്നി എംഎല്‍എ അടൂര്‍ പ്രകാശ്, എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍, വണ്ടൂര്‍ എംഎല്‍എ എ.പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സോളാര്‍ വ്യവസായം തുടങ്ങാന്‍ എത്തിയ സംരഭകയെ പീഡിപ്പിച്ചുവെന്നാരോപിച്ച് ക്രൈം ബ്രാഞ്ചാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹൈബി ഈഡന്റെ പേര് എറണാകുളം മണ്ഡലത്തിലും ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ അടൂര്‍ പ്രകാശിനെയും ആലത്തൂരില്‍ അനില്‍കുമാറിനെയും പരിഗണിക്കുന്നതായി വാര്‍ത്ത വന്നതോടെ കേസ് എടുത്തതിന് പിന്നില്‍ രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.