സോളാര്‍ കേസ്; പരാതിക്കാരിയുടെ കത്ത് പുറത്ത് വന്ന സംഭവത്തില്‍ ദല്ലാള്‍ നന്ദകുമാറിന്റെ മൊഴിയെടുത്തു

സോളാര്‍ കേസില്‍ സിബിഐ ദല്ലാള്‍ നന്ദകുമാറിന്റെ മൊഴിയെടുത്തു. കേസിലെ പരാതിക്കാരി എഴുതിയ കത്ത് പുറത്ത് വന്ന സംഭവവുമായി ബന്ധപ്പെട്ടാണ് മൊഴിയെടുത്തത്. കത്ത് പുറത്തു വരുന്നത് സംബന്ധിച്ച് അന്നത്തെ പ്രതിപക്ഷ നേതാവിനെയും, സിപിഎം സംസ്ഥാന സെക്രട്ടറിയേയും അറിയിച്ചതായി നന്ദകുമാര്‍ മൊഴി നല്‍കിയെന്നാണ് വിവരം.

ഇന്നലെ ഡല്‍ഹിയിലെ അശോക ഹോട്ടലില്‍ വെച്ചാണ് മൊഴിയെടുത്തത്. രണ്ട് മണിക്കൂര്‍ നേരമാണ് മൊഴിയെടുത്തത്. ആറ് എഫ്‌ഐആറുകളാണ് കേസിലുള്ളത്. അതില്‍ ഒരു എഫ്‌ഐആറിലെ കേസ് അന്വേഷിക്കുന്ന സംഘമാണ് ഇപ്പോള്‍ നന്ദകുമാറിന്റെ മൊഴിയെടുത്തത്.

പരാതിക്കാരിയുടെ കത്ത് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് ദല്ലാള്‍ നന്ദകുമാര്‍ പണം കൈപ്പറ്റി എന്ന നിലയിലുള്ള മൊഴി നിലവില്‍ സിബിഐയുടെ മുന്നിലുണ്ട്. ഈ കത്തിന്റെ ഒറിജിനല്‍ ബാലകൃഷ്ണപിള്ളയുടെ കൈവശമായിരുന്നു. ഇത് എങ്ങനെ പുറത്തായി എന്നത് സംബന്ധിച്ചും വിവരങ്ങള്‍ സിബിഐ ചോദിച്ചറിഞ്ഞു.

കത്ത് പുറത്തുവിടുന്നതിന് മുമ്പ്, അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദനെയും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും കണ്ട് കത്തിലെ ഉള്ളടക്കങ്ങള്‍ അറിയിച്ചിരുന്നു എന്നാണ് ദല്ലാള്‍ നന്ദകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്.