ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിൽ പൊലീസിന് തെറിവിളി, കലാപ ആഹ്വാനം; റിച്ചാർഡ് റിച്ചു പിടിയിൽ

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിലൂടെ  പൊലീസിനെ  അസഭ്യം പറഞ്ഞയാളെ അറസ്റ്റ് ചെയ്തു. കൊല്ലം രാമന്‍ കുളങ്ങര സ്വദേശി റിച്ചാര്‍ഡ് റിച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്.  ‘പൊളി സാനം’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നയാളാണ് റിച്ചാര്‍ഡ് റിച്ചു.

ഇ–ബുൾ ജെറ്റ് വിഷയത്തിൽ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും എതിരെ കലാപ ആഹ്വാനം നടത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അസഭ്യം പറഞ്ഞതിനുമാണ് കൊല്ലം കാവനാട് കന്നിമേൽചേരി കളീയിലിത്തറ വീട്ടിൽ റിച്ചാർഡ് റിച്ചുവിനെ(28) ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

രൂക്ഷമായ അസഭ്യങ്ങള്‍ നിറഞ്ഞ പ്രയോഗങ്ങളാണ് ഇയാള്‍ പൊലീസിന് നേരെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നേരെയും  നടത്തിയത്. ഇ ബുള്‍ ജെറ്റുകാരെ പിന്തുണച്ച് കൊണ്ടായിരുന്നു തെറിവിളികള്‍. പൊലീസിന് നേരെ ആക്രമണം നടത്താനും ഇയാള്‍ വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. നേരത്തെയും തെറിവിളി വീഡിയോകളിലൂടെ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരമായിട്ടുണ്ട്.

‘എയർ ഗൺ’ പരീക്ഷിക്കുന്ന വീഡിയോയിലൂടെയാണ് മുൻപ് റിച്ചാർഡ് ശ്രദ്ധ നേടിയത്.  ഇയാൾക്കു വിവിധ സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ ഫോളോവേഴ്സ് ഉണ്ട്. വീഡിയോ പങ്കുവെച്ചവർക്കെതിരെയും കേസുണ്ടാകുമെന്നും ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും ശക്തികുളങ്ങര പൊലീസ് പറഞ്ഞു.

അതേ സമയം ജാമ്യം കിട്ടിയ ഈ ബുൾ ജെറ്റ് വ്ളോഗർമാരായ ലിബിനും എബിനും അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം വീട്ടിലേക്ക് മടങ്ങി. ജാമ്യവാര്‍ത്ത അറിഞ്ഞ് ഇവരെ കാണാനായി നിരവധി പേരാണ് സബ് ജയിലിന് ചുറ്റും തടിച്ച് കൂടിയത്. പൊലീസെത്തി ആളുകളെ നിയന്ത്രിച്ചാണ് ഇരുവരെയും വാഹനത്തില്‍ കയറ്റിയത്. കണ്ണൂർ ആർടിഒ ഓഫീസിലെത്തി പൊതുമുതൽ നശിപ്പിച്ചെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നും കാട്ടി ഇന്നലെയാണ് പൊലീസ് ലിബിനെയും എബിനെയും അറസ്റ്റ് ചെയ്തത്.